Sunday, October 23, 2011

മഴ നനച്ച സായാഹ്നം...

                  സമയം ഏതാണ്ട് ഒരു മൂന്നു മൂന്നര ആയിക്കാണും... ഞാന്‍ എന്റെ ഉച്ചയൂണും കഴിഞ്ഞു മെയിന്‍ റോഡില്‍ നിന്നും അടുത്തുള്ള ഷോപ്പിംഗ്‌ മാളിലേക്ക്  കയറുമ്പോള്‍ പുറത്തു നല്ല ചുട്ടുപൊള്ളുന്ന വെയിലായിരുന്നു. ഏതാണ്ട് ഒരു അര മണിക്കൂര്‍ കഴിഞ്ഞാകും ഞാന്‍ പുറത്ത് ഇറങ്ങിയിട്ടുണ്ടാകുക. അപ്പോള്‍ ആകാശം മൂടികെട്ടിയിട്ടുണ്ടാരുന്നു. അതു കണ്ട എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു. കുറച്ച് നാളായി ആഗ്രഹിക്കുന്നു ഒരു നല്ല മഴ പെയ്യാന്‍. എന്റെ പ്രിയപ്പെട്ടവളെ കാണാന്‍. അതേ.. മഴ... അതെന്നും എനിക്ക് പ്രിയപ്പെട്ടത് തന്നെയാണ്. ഞാന്‍ പതിയെ നടന്നു. മുന്നിലേക്ക്‌..... കുറച്ച് നടന്നതും എന്റെ പ്രിയപ്പെട്ടവള്‍ അവളുടെ വരവ് അറിയിക്കാന്‍ തുടങ്ങി. ചെറിയ ചെറിയ മഴത്തുള്ളികള്‍ അവിടമാകെ വാരി വിതറപ്പെട്ടു. അവളില്‍ നനഞ്ഞു അലിയണം, അവളെ വീണ്ടും വീണ്ടും അറിയണം എന്നെനിക്കു ആത്മാര്‍ഥമായ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ ആ സ്ഥലം, എന്റെ വസ്ത്രങ്ങള്‍, കയ്യിലെ ബാഗും മൊബൈലും ഒന്നും അതിനു എന്നെ അനുവദിച്ചില്ല. അവള്‍ കൂടുതല്‍ കൂടുതല്‍ വാരിപുണരാന്‍ ശ്രമിച്ചപ്പോള്‍ മനസ്സില്ലാ മനസ്സോടെ ആണെങ്കിലും ഞാന്‍ ഒരു മേല്‍ക്കൂരക്കായി പരത്തി. അവളില്‍ നിന്നും തല്ക്കാലം എന്നെ ഒളിപ്പിക്കാന്‍ പോന്ന ഒരു മേല്‍ക്കൂര. റോഡരികില്‍ കണ്ടതിനൊന്നും അതിനാകുമായിരുന്നില്ല. അത് കൊണ്ട് കുറച്ച് ഉള്ളിലായുള്ള റോയല്‍ പ്ലാസ എന്ന വലിയ കെട്ടിടത്തിന്റെ വളരെ വലുതായ പാര്‍ക്കിംഗ് ഏരിയയില്‍ ഞാന്‍ പോയി ഒളിച്ചു.

                   ഞങ്ങള്‍ ഒളിച്ചു കളി തുടര്‍ന്നുകൊണ്ടിരുന്നു. ഒരു വലിയ തൂണില്‍ ചാരി നിന്നു ഞാന്‍ അവളെ അറിയുകയായിരുന്നു... ചന്നം പിന്നം പെയ്യുന്ന മഴ. ഞാന്‍ പരിസരം മുഴുവന്‍ അറിയാതെ ഒന്നു കണ്ണോടിച്ചു. എന്റെ നേരെ എതിരായി ഒരു മതില്‍. വെളുത്ത പെയിന്റ് അടിച്ച ഒരു മതില്‍. അതിന്റെ വെണ്മയെ പച്ച പായലുകള്‍ ആക്രമിച്ചു തുടങ്ങിയിരുന്നു. താഴെ നിന്നും മുകളിലേക്ക് ഒഴുകിയ രീതിയില്‍ ഒരു പച്ച പായല്‍ പാട. മതിലിനപ്പുറം ഒരേ മാതിരിയില്‍ പണി കഴിപ്പിച്ച മൂന്നു കെട്ടിടങ്ങള്‍. ആള്‍ അനക്കമൊന്നും ഇല്ലാത്ത പോലെ. അവിടെ ലൈറ്റുകള്‍ തെളിഞ്ഞിരുന്നില്ല. പുറകു വശം ആകെ കാട് കേറി നശിച്ചു തുടങ്ങിയിരുന്നു. ചെറുതായി വിഷമം തോന്നി അത് കണ്ടപ്പോള്‍.  മതിലിനും കെട്ടിടങ്ങള്‍ക്കും ഇടയിലായി നാലഞ്ചു കവുങ്ങുകള്‍, ഒരു പ്ലാവ്, പിന്നെ പേരറിയാത്ത അത്ര വലുതല്ലാത്ത ഒരു മരം. രണ്ടു കവുങ്ങുകളില്‍ കുരുമുളക് വള്ളികള്‍ പടര്‍ന്നു നില്‍പ്പുണ്ടായിരുന്നു. കുരുമുളകിന്‍ വള്ളികള്‍ കാറ്റിന്റെ താളത്തിനനുസ്സരിച്ചു തല മുകളിലേക്കും താഴേക്കും ആട്ടി രസ്സിക്കുന്നുണ്ടാരുന്നു. അത് കണ്ടു ഞാനും...


                         ഞാന്‍ പരിസരം മറന്നുവെന്നോ അതോ അവളെ മറന്നുവെന്നോ  എന്ന തോന്നല്‍ കൊണ്ടാകാം അവളുടെ ഇടപെടലുകള്‍ ശക്തമായി. ഉച്ചത്തില്‍ ഒച്ചയുണ്ടാക്കി അലറി വിളിച്ചു. അവളുടെ കണ്ണുകളില്‍ കോപം ജ്വലിച്ചു. അത് കണ്ടു എന്റെ കണ്ണുകള്‍ പേടികൊണ്ടു അടഞ്ഞു പോയി. ഞാന്‍ ശരിക്കും ഭയന്ന് പോയിരുന്നു. ഞാന്‍ പതിയെ ഉള്ളിലേക്ക് വലിഞ്ഞു. അവിടെ ഉണ്ടായിരുന്ന വാച്ച്‌മാന്‍ അവളെ ശപിക്കുന്നുണ്ടാരുന്നു. അയ്യാള്‍ എന്നോട് സമയം ചോദിച്ചു. ഞാന്‍ മൊബൈല്‍ എടുത്തു നോക്കി. സമയം 4 .10 . കൂടാതെ ഒരു മിസ്സ്ഡ് കാളും. ഓഫീസില്‍ നിന്നും. തിരിച്ചു വിളിക്കാന്‍ തുടങ്ങുമ്പോഴേക്കും വീണ്ടും കാള്‍ വന്നു. അത് നിത ആയിരുന്നു.  അവള്‍ തന്നെയാണ് നേരത്തെ വിളിച്ചതും. അവള്‍ക്കു ഇന്നത്തെ അപ്ഡേറ്റ് വേണമത്രേ. ഇന്നെന്താ ഇത്ര നേരത്തെ എന്ന എന്റെ ചോദ്യത്തിന് ആദ്യം ഒരു നീളന്‍ ചിരിയും പിന്നെ "മഴയല്ലേ" എന്ന ഒരു കൊഞ്ചലിന്റെ ലാഞ്ചനയുള്ള വിശദീകരണവും .


                           മഴ വീണ്ടും ശക്തമായി. അതെന്തോ കാറ്റിനത്ര ഇഷ്ടപെട്ടില്ല എന്നു തോന്നി.  കാരണം തുടക്കം മുതല്‍ക്കേ അവര്‍ പരസ്പരം മത്സരിക്കുന്നുണ്ടാരുന്നു വളരെ ശക്തമായി തന്നെ. കവുങ്ങുകള്‍ ആടി ഉലഞ്ഞു. പേരറിയാത്ത ആ അത്ര വലുതല്ലാത്ത മരം കവുങ്ങുകളെ മുത്തം വച്ചു. അവരുടെ വഴക്കിന്റെ അലകള്‍ ആ വിശാലമായ പാര്‍ക്കിംഗ് ഏരിയയിലെ അവസാന മൂലകളില്‍ പോലും വ്യക്തമായി. ഒരു തരം അനിര്‍വചനീയമായ കുളിര് അവിടെയാകെ പടര്‍ന്നു. അവിടെ രണ്ടു മൂന്നു കാറുകള്‍ കിടപ്പുണ്ടായിരുന്നു. പിന്നെ ഒരു ജീപ്പും. ജീപ്പില്‍ പൂര്‍വോദയം പബ്ലിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നു നീല അക്ഷരത്തില്‍ എഴുതിയിരുന്നു. അപ്പോഴേക്കും അവളുടെ ആക്രമണത്തില്‍ അവശരായ രണ്ടു പേര്‍ കൂടി അവിടേക്ക് ഓടി വന്നു. കൂടാതെ മുകളിലത്തെ നിലയില്‍ നിന്നും രണ്ടു പെണ്‍കുട്ടികള്‍ കൂടി ഇറങ്ങി വന്നു.  ഇന്നത്തെ അധ്വാനം കഴിഞ്ഞു വീട്ടിലേക്കു പോകാന്‍ ഇറങ്ങിയതാകണം. അവരുടെ കയ്യില്‍ കുടകള്‍ ഉണ്ടായിരുന്നു. എന്നിട്ടും പോകാന്‍ കഴിയാത്ത അവസ്ഥയില്‍ അവര്‍ക്കും അവളുടെ (മഴയുടെ) ഈ അനാവശ്യ വരവത്ര ഇഷ്ടപ്പെട്ടിട്ടില്ല എന്നു അവരുടെ മുഖം വിളിച്ചു അറിയിക്കുന്നുണ്ടായിരുന്നു. എനിക്കൊഴികെ ആര്‍ക്കും അവളുടെ വരവ് ഇഷ്ടപെട്ടില്ല എന്നെനിക്കു അറിയാതെ തോന്നിപ്പോയി.


                    ഞാന്‍ ആ പോര്‍ച്ചിന്റെ ഏകദേശം മധ്യ ഭാഗത്തായിരുന്നു. അവള്‍ കൈകള്‍ നീട്ടി എന്റെ കാലില്‍ തൊടാന്‍ ഒരു ശ്രമം നടത്തി. അത് കണ്ടപ്പോള്‍ ശരിക്കും എനിക്ക് ചിരിവരുന്നുണ്ടായിരുന്നു. ഞാന്‍ പുറകിലേക്ക് മാറി. കുറെ നേരം അവിടെ തന്നെ നിന്നു. അവളുടെ കൈല്കള്‍ നാല് പാടും നിന്നു എന്റെ അടുത്തേക്ക് വന്നപ്പോള്‍ ഞാന്‍ അവിടെ നിന്നും അടുത്ത് കണ്ട കുറച്ചുകൂടി ഉയര്‍ന്ന ഭാഗത്തേക്ക്‌ ചാടി കയറി. അവിടെ എന്നെ കൂടാതെ വേറെ മൂന്നു നാല് ആള്‍ക്കാര്‍ കൂടിയുണ്ടായിരുന്നു. അവരൊക്കെ എപ്പോ വന്നെന്നോ ഏതു വഴി വന്നെന്നോ ഞാന്‍ അറിഞ്ഞില്ല. പക്ഷെ അവരെന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്നെനിക്കു മനസ്സിലായി. അവിടെ വലതു ഭാഗത്തായി രണ്ടു ലിഫ്റ്റുകള്‍. നല്ല വൃത്തിയുള്ള വാതിലുകള്‍ ആയിരുന്നു അവയുടെത്. അതിനു നേരെ എതിരായി മുകളിലേക്ക് പോകാനുള്ള (താഴേക്ക്‌ വരാനും) ഗോവണി. അതില്‍ ഏറ്റവും താഴത്തെ രണ്ടാമത്തെ പടിയില്‍ ആ പെണ്‍കുട്ടികള്‍ ഇരിക്കുന്നുണ്ടായിരുന്നു എന്റെ പ്രിയപ്പെട്ടവളെയും ശപിച്ചുകൊണ്ട്. അപ്പോഴേക്കും ആ പോര്‍ച്ചു മുഴുവന്‍ അവളുടെ കൈകള്‍ക്കുള്ളില്‍ ആയി കഴിഞ്ഞിരുന്നു. അതിനുള്ളിലെ ഒഴുക്കിന്റെ ശക്തി ശരിക്കും എന്നെ അതിശയിപ്പിച്ചു. പുറത്തെ അവസ്ഥ എനിക്ക് ഊഹിക്കാന്‍ കഴിയുമായിരുന്നു. നഗരം നിശ്ചലമായിട്ടുണ്ടാകണം. ആരോ കുടിച്ചിട്ട് ഉപേക്ഷിച്ച ഒരു പ്ലാസ്റ്റിക്‌ ഗ്ലാസ്‌ എന്റെ മുന്നിലൂടെ ഒഴുകിപ്പോയി. കൂടെ കുറെ കടലാസ്സ്‌ കക്ഷ്ണങ്ങള്‍. നില തെറ്റിയ വേറെ കുറെ കടലാസ്സ്‌ കക്ഷ്ണങ്ങള്‍ ഇന്ന ദിക്ക് എന്നില്ലാതെ അവിടെ ആകെ ഒഴുകി നടക്കുന്നുണ്ടായിരുന്നു. ചിലവ പോകാന്‍ മടിച്ചു വിസ്സംമതത്തോടെ വാശി പിടിച്ചു നിന്നു. പക്ഷെ അവളുടെ നിര്‍ബന്ധത്തിനു (ശക്തിക്ക്) മുന്നില്‍ വളരെ നേരം പിടിച്ചു നില്ക്കാന്‍ അവക്കായില്ല എന്നു വേണം പറയാന്‍. അവയും പതിയെ പുറത്തേക്കു....... ഇതിനിടെ മുകളില്‍ നിന്നും എങ്ങെനെയോ ഒലിച്ചിറങ്ങിയ വെള്ളം ആ പെണ്‍കുട്ടികളുടെ മുകളിലേക്ക് ഒഴുകി വീണു. അവര്‍ പെട്ടെന്ന് എണീറ്റ്‌ ഓടി മാറിയതിനാല്‍ ദേഹത്തോ വസ്ത്രങ്ങളിലോ അധികം ഒന്നും ആയില്ല. പക്ഷെ അവര്‍ അസ്വസ്ഥരായിരുന്നു. എങ്ങനെയാണ് അവിടെ വെള്ളം വന്നത് എന്നറിയാന്‍ ഒരാള്‍ മുകളിക്ക്‌ കയറിപ്പോയി. തിരിച്ചു വന്നു എന്തോ പറഞ്ഞു. പക്ഷെ എനിക്കത് മനസ്സിലായില്ല.

                         മഴയുടെ കലി ഒന്നടങ്ങി എന്നു തോന്നിയപ്പോള്‍ ആ പെണ്‍കുട്ടികള്‍ ഇരുവരും പെട്ടെന്ന് കുടയും നിവര്‍ത്തി പുറത്തേക്കിറങ്ങി പോയി. ഞാന്‍ അവരുടെ പുറകെ ആ കെട്ടിടത്തിന്റെ അരികിലേക്കും. പോയവരില്‍ ഒരുത്തി കുറച്ച് മുന്നിലേക്ക്‌ മാറി നിന്നു അവളുടെ പാന്റ്സിന്റെ കാലുകള്‍ മുകളിലേക്ക് ചുരുട്ടി വെയ്ക്കുന്നുണ്ടായിരുന്നു. പിന്നെ അവളും മഴയിലേക്ക്‌. കവുങ്ങുകള്‍ തലയാട്ടല്‍ നിര്‍ത്തിയിരുന്നില്ല. കാറ്റും മഴയും തമ്മില്‍ ഇപ്പോഴും കശപിശയില്‍ ആണെന്ന് തോന്നണു. കാറ്റിന്റെ അധീനതയില്‍ ഉള്ള എല്ലാ സ്ഥലങ്ങളും വെള്ളം കയ്യടക്കുന്നുണ്ടായിരുന്നു. മുന്നിലെ സിമെന്റ് ഓടയില്‍ നിന്നും വെള്ളം കാറ്റിനെ നിഷ്കരുണം പുറത്താക്കി. സ്ലാബിന്റെ ഇടയിലൂടെ കാറ്റ് കൊക്കി കൊക്കി ചുമച്ചു കൊണ്ട് പുറത്തേക്കു ചാടി. മണി അഞ്ചു കഴിഞ്ഞോ എന്നു വാച്ച്‌മാന്‍ ചോദിച്ചു. ഞാന്‍ അതെയെന്നു പറഞ്ഞു. അയ്യാള്‍ അവിടെ മേശമേല്‍ ഉണ്ടായിരുന്ന രജിസ്റ്റര്‍ എടുത്തു നോക്കി എന്തോ പുലമ്പുന്നുണ്ടായിരുന്നു. പൂര്‍വോദയം പബ്ലിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നു നീല അക്ഷരത്തില്‍ എഴുതിയ ജീപ്പ് സാമാന്യത്തിലും അധികം വേഗത്തില്‍ പുറത്തേക്കു പാഞ്ഞു പോയി. മെയിന്‍ റോഡിലേക്ക് കയറുന്ന ഭാഗത്ത്‌ പോയി നില്‍പ്പായി. അവിടെ സൈഡില്‍ ഒരു കാര്‍ കിടന്നത് കാരണം ജീപ്പിനു പോകാന്‍ കഴിയുമായിരുന്നില്ല. ജീപ്പുകാരന്‍ അസഹനീയമാം വിധം ഹോണ്‍ അടിക്കുന്നുണ്ടായിരുന്നു. എവിടെ നിന്നോ ഓടി വന്ന കാറിന്റെ ഡ്രൈവര്‍ അവനു നേരെ കൈകള്‍ ഉയര്‍ത്തി എന്തോ വിളിച്ചു പറഞ്ഞു. ഞാന്‍ ഒരു പ്രാവശ്യം  പുറത്തിറങ്ങിയിട്ടു മഴയുടെ ശക്തി വിചാരിച്ചതിലും അധികമായതിനാല്‍ വീണ്ടും തിരിച്ചു കയറി. ഒരുപാട് നേരം അങ്ങനെ നില്ക്കാന്‍ എന്തോ മനസ്സ് അനുവദിച്ചില്ല. വളരെ സന്തോഷത്തോടെ ഞാനും വെളിയിലേക്ക്... അവളിലേക്ക്‌... എന്റെ പ്രിയപ്പെട്ടവളിലേക്ക്...  മഴയിലേക്ക്‌...... ഞാന്‍ നടന്നു വരുന്നതുവരെ ആ ജീപ് അവിടത്തന്നെ കിടപ്പുണ്ടായിരുന്നു. സൈഡ്-കാരന്‍ കാറുകാരന്‍ വീണ്ടും കുറച്ചുകൂടി സൈഡ്-കാരനായി എന്നേം ആ ജീപ്പിനേം പോകാനനുവദിച്ചു. ഞാന്‍ വിചാരിച്ചതിലും ഒരുപാട് മോശമായിരുന്നു മെയിന്‍ റോഡിന്‍റെ അവസ്ഥ....

                           റോഡിലാകെ മഞ്ഞനിറത്തില്‍ കുറുകിയ ചെളി വെള്ളം നിറഞ്ഞിരുന്നു. പുറകില്‍ മീന്‍ കുട്ടയുമായി ഒരു സൈക്കിള്‍കാരന്‍ ഏന്തി ഏന്തി നടന്നു പോകുന്നുണ്ടായിരുന്നു. അയ്യാളുടെ മുട്ടിനു മുകളില്‍ വരെ വെള്ളം. ഞാന്‍ പോകണോ വേണ്ടയോ എന്നൊരുനിമിഷം ആലോചിച്ചുനിന്നു. എന്റെ ഭയത്തിന്റെ മേല്‍ എന്റെ ആഗ്രഹങ്ങള്‍ക്കായിരുന്നു മേല്‍കൈ.. അതുകൊണ്ട് തന്നെ ഞാന്‍ പോകാന്‍ തീരുമാനിച്ചു... ആ കുത്തിപ്പായുന്ന റോഡിലേക്ക് (പുഴയിലേക്ക് ) ഞാന്‍ നടന്നടുത്തു. നേരെ റോഡിലേക്കിറങ്ങാന്‍ എനിക്ക് എന്തോ മനസ്സില്ലായിരുന്നു. അടുത്ത് കണ്ട ഒരു കടയുടെ തിന്നയിലേക്ക് ഞാന്‍ കയറിനിന്നു... റോഡിലെ ചെറിയ അലകള്‍ ആ തിണ്ണയുടെ താഴെവരെ  വരുന്നുണ്ടായിരുന്നു. അതുവഴി പാഞ്ഞുപോയ ഒരു ഇന്നോവ കാര്‍ വലിയ അലകളെ സമ്മാനിച്ചു. അവയെന്റെ കാലുകളെ നനച്ചു. അപ്പോള്‍ മഴ ഏതാണ്ട് പൂര്‍ണ്ണമായും നിലച്ചിരുന്നു. പക്ഷെ എന്തോ അതെനിക്ക് വിഷമമായില്ല. എങ്ങനെ മുന്നിലേക്ക്‌ പോകാം എന്ന ചിന്ത മാത്രമായിരുന്നു മനസ്സില്‍. ഏതാണ്ട് ഒരു കിലോമീറ്റര്‍ മുന്നില്‍ ചെന്നലെ എനിക്ക് പോകാനുള്ള ബസ്‌ കിട്ടൂ. രണ്ടും കല്‍പ്പിച്ച് നടക്കാന്‍ തീരുമാനിച്ചു. കടകളുടെ തിണ്ണകളിലൂടെയും ഫുട്പാതുകളിലൂടെയും ഞാന്‍ പതിയെ മുന്നിലേക്ക്‌ നീങ്ങി. ഫുട്പാത് റോഡില്‍ നിന്നും കുറച്ച് ഉയരെ ആയിരുന്നതിനാല്‍ അവിടെ വെള്ളം കുറവായിരുന്നു. ചില ഇട റോഡുകളിക്ക് കയറുന്ന സ്ഥലങ്ങളില്‍ ഫുട്പാത് ഇല്ലായിരുന്നു. അവിടെ മുട്ടൊപ്പം വരുന്ന വെള്ളത്തില്‍ ഇറങ്ങേണ്ടതായും വന്നു. എന്റെ ഷൂസിന്റെ ഉള്ളിലേക്ക് വെള്ളം ഇരച്ചു കയറി. എന്റെ നടത്തക്കനുസ്സരിച്ചു പുറത്തെ തയ്യലുകള്‍ക്കിടയില്‍ നിന്നും മഞ്ഞ നിറ വെള്ളം പുറത്തേക്കു ചാടുന്നുണ്ടായിരുന്നു. വളരെ കഷ്ടപ്പെട്ട് ഞാന്‍ മുന്നിലേക്ക്‌ നടന്നു. ഒരുപാട് പേര്‍ അങ്ങനെ പോകുന്നും വരുന്നുമുണ്ടായിരുന്നു. റോഡിന്‍റെ ഒരു സൈഡില്‍ വണ്ടികള്‍ നിരനിരയായി നിര്‍ത്തിയിട്ടിരുന്നു. ഒരു വശം തികച്ചും ശൂന്യം. ഒരു വണ്ടികളും വരുന്നുണ്ടായിരുന്നില്ല എന്നു വേണം പറയാന്‍. കുറച്ച് മുന്നിലായി ഫ്ലൈ ഓവര്‍ കാണാമായിരുന്നു. അതിന്റെ അതാണ്ട് മധ്യഭാഗത്ത്‌ താഴെ റോഡ്‌ ക്രോസ് ചെയ്തു വേണം എനിക്ക് വീട്ടിലേക്കു പോകാനുള്ള ബസ്‌ പിടിക്കാന്‍. പെട്ടെന്ന് വീണ്ടും മഴ ചാറാന്‍ തുടങ്ങി. ഞാന്‍ ഒരു കടയുടെ സൈടിലേക്കു മാറി നിന്നു.


                       അവിടെയും ഞാന്‍ തനിച്ചായിരുന്നില്ല.. മഴയും പിന്നെ ഒന്നു രണ്ടു ആള്‍ക്കാരും എനിക്ക് കൂട്ടുണ്ടായിരുന്നു. റോഡില്‍ വെള്ളത്തിനടിയിലൂടെ തല മാത്രം പുറത്തു കാണിച്ചു ഒരാള്‍ ബൈക്ക് ഓടിച്ചുപോകുന്നു എന്നു  തോന്നിപ്പിക്കും പോലെ ഒരു ഹെല്‍മെറ്റ്‌ അവിടെ ഒഴുകി നടപ്പുണ്ടായിരുന്നു. അടുത്തുള്ള കടയിലെ ഒരു പയ്യന്‍ ഒരു കമ്പ് കൊണ്ട് അതെടുക്കാന്‍ ഒരു പാഴ്ശ്രമം നടത്തി. അവനതു കിട്ടിയില്ല  എന്നു മാത്രമല്ല അത് ഒഴുകി കൂടുതല്‍ ദൂരേക്ക് പോയി. അപ്പോഴേക്കും മഴ വീണ്ടും തോര്‍ന്നിരുന്നു. ഞാന്‍ പതിയെ പുറത്തേക്കിറങ്ങി. പെട്ടെന്ന് മൂന്നു പെണ്‍കുട്ടികള്‍ എന്നെ പുറകിലാക്കി കൊണ്ട്  മത്സരത്തിലെന്നപോലെ മുന്നിലേക്ക്‌  വളരെ വേഗം കയറിപ്പോയി. അവരുടെ മുഖത്ത് ഉത്സാഹമായിരുന്നു. അവര് മുന്‍പിലും ഞാന്‍ പുറകിലുമായി കുറച്ച് ദൂരം അങ്ങനെ പോയി. ഒരു പ്രാവശ്യം എന്റെ കാല്‍ അറിയാതെ മുന്നില്‍ പോകുകയായിരുന്ന പെണ്ണിന്റെ കാലില്‍ തട്ടി. അവള്‍ പേടിച്ചു നിലവിളിച്ചു. വെള്ളത്തിലെ ഇഴ ജന്തുക്കള്‍ എന്തോ ആണെന്ന് അവള്‍ തെറ്റിദ്ധരിച്ചിരിക്കാം. ഞാന്‍ ക്ഷമ ചോദിച്ചു കൊണ്ട് വീണ്ടും നടത്തം തുടര്‍ന്നു. എന്റെ മുന്നില്‍ അവരും... ഒരു ബസ്‌ സ്റൊപ്പിലെ ചാര് ബഞ്ചിന്റെ മുകളില്‍ കുറെ പയ്യന്മാര്‍ കയറി നില്‍പ്പുണ്ടായിരുന്നു. അത് കഴിഞ്ഞു പ്രധാന ഒരു ഇട റോഡ്‌ മെയിന്‍ റോഡില്‍ ചേരുന്ന ഇടമായിരുന്നു. അവിടെ വെള്ളത്തിന്റെ ഒഴുക്കിന് കുറച്ച് ശക്തി കൂടുതല്‍ ആയിരുന്നു. കാരണം കുത്തനെയുള്ള ആ റോഡില്‍ നിന്നും വെള്ളം വളരെ ശക്തിയായി മെയിന്‍ റോഡില്‍ പതിക്കുന്നു. ആ പെണ്‍കുട്ടികള്‍ അതിന്റെ കരയില്‍ പേടിച്ചു നില്‍പ്പുണ്ടായിരുന്നു. ഒന്നു രണ്ടു പയ്യന്മാര്‍ വളരെ പണിപ്പെട്ടു ആ വെള്ളച്ചാട്ടം മുറിച്ചു കടന്നു വരുന്നു. ഒരു ബൈക്ക്-കാരന്‍ മാമന്‍ അതിന്റെ മറു കരയില്‍ എന്തോ ചിന്തിച്ചു നില്‍ക്കുന്നു. ഞാന്‍ ആ കുട്ടികള്‍ അതിലേക്കു ഇറങ്ങുന്നത് കാത്തു നിന്നു. ആദ്യ രണ്ടു പേരും അതിലേക്കിറങ്ങി. മൂന്നാമത് നിന്നവള്‍ക്ക് ധൈര്യം പോര. അവള്‍ തിരിഞ്ഞു എന്നെ നോക്കി. എന്നിട്ട് എന്റെ നേരെ കൈകള്‍ നീട്ടി. സഹായം ആവശ്യപ്പെട്ടു. ഞാനവളുടെ കയ്യില്‍ പിടിച്ചു രണ്ടു പേരും ചേര്‍ന്ന് ആ വെള്ളച്ചാട്ടം നടന്നു കടക്കാന്‍ തുടങ്ങി. വിചാരിച്ചതിലും ശക്തമായ ഒഴുക്കായിരുന്നു. കാലുകള്‍ പലപ്പോഴും തെന്നി മാറി.  പലപ്പോഴും എന്റെ കയ്യിലെ അവളുടെ പിടിത്തം സാമാന്യത്തിലധികം മുറുകുന്നുണ്ടായിരുന്നു. മറു കരയെത്തിയപ്പോള്‍ അവളുടെ സുഹൃത്ത്‌ അവളെ പിടിച്ചു മുകളിലേക്ക്  കയറ്റി. പുറകെ ഞാനും. എന്നോട് ഒരു നന്ദി പറഞ്ഞു ചിന്തിക്കുന്ന ബൈക്ക്-മാമനെയും കടന്നു അവള്‍ വേഗം നടന്നു പോയി. പുറകെ ഞാനും. അപ്പോഴേക്കും ഞാന്‍ ഏകദേശം ഫ്ലൈ ഓവറിന്റെ മധ്യ ഭാഗത്ത്‌ എത്തിയിരുന്നു. പിന്നെ ഫ്ലൈ ഓവറിന്റെ അടിയില്‍ കൂടി റോഡ്‌ ക്രോസ് ചെയ്തു ഇപ്പുറത്തെത്തി.


                       അവിടെ ബസ്‌ കാത്തു ഒരുപാട് പേരുണ്ടായിരുന്നു. മഴ തോര്‍ന്ന സമയമായതിനാല്‍ എല്ലാവരും റോഡില്‍ തടിച്ചു കൂടി നില്‍പ്പായിരുന്നു. ഞാന്‍ പോയി സ്ഥിരമായി ബനാന ഷേക്ക്‌ കഴിക്കുന്ന കടയില്‍ പോയി ഒരു ഷേക്ക്‌ കഴിച്ചിട്ട് വന്നു. അപ്പോളും ആള്‍ക്കാര്‍ക്ക് കുറവില്ല. ഞാനും റോഡിലേക്ക് പോയി. വല്ല വണ്ടിയും കിട്ടുമോ എന്നറിയാന്‍. ഒരു സ്ത്രീ റിക്ഷക്കാരനോട് വില പേശുന്നു. അവസാനം അവന്‍ പറഞ്ഞ കാശു കൊടുക്കാമെന്നു സമ്മതിച്ചു കൊണ്ട് അതില്‍ കയറി പോയി. സാധാരണ ബസില്‍ അഞ്ചു രൂപ കൊടുക്കേണ്ട സ്ഥലത്തിന് ഇന്ന് കൂലി നൂറു രൂപ. ഒന്നു രണ്ടു ബസുകള്‍ പോയി.ഒന്നിലും സൂചി കുത്താന്‍ പോലും സ്ഥലമില്ലായിരുന്നു.  കുറെ നേരം ഞാന്‍ കാത്തു നിന്നു , അവസാനം ഒരു ബസിന്റെ ഫുട് ബോര്‍ഡില്‍ കുറച്ച് സ്ഥലം കിട്ടി. പിന്നെ മലയാളീസ്സിന്റെ സ്വാഭാവികമായ ബുദ്ധി ഉപയോഗിച്ച് തീരെ മോശമല്ലാത്ത ഒരു സ്ഥലം ഒപ്പിച്ചു ഞാന്‍. കുറെ പേര്‍ ബസിന്റെ മുകളിലും, കുറെ പേര്‍ പുറകില്‍ തൂങ്ങിയും കിടന്നു. റോഡ്‌ മുഴുവന്‍ വെള്ളം. ബസ്‌ ഒരു ബോട്ട് പോലെ മുന്നോട്ടു നീങ്ങി. എല്ലാവരും പൈസ കൊടുത്തു കുറച്ച് കഴിഞ്ഞപ്പോള്‍ ബസ്‌ ഒരു സൈഡ് ഒതുക്കി നിര്‍ത്തി. സഹായി ചെറുക്കന്‍ വന്നു പറഞ്ഞു ബസിനു എന്തോ പ്രശ്നമാണെന്ന്. പക്ഷെ അതത്ര വിശ്വസ്സനീയമായി തോന്നിയില്ല. അവന്‍ റോഡിരികില്‍ കടന്ന ഒരു വലിയ കല്ലെടുത്ത്‌ ബസിനു അട വെച്ചു. അപ്പോള്‍ അവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പട്ടാളക്കാരന്‍ വന്നു; പോകുമ്പോള്‍ ആ കല്ലെടുത്ത്‌ കളഞ്ഞിട്ടു പോണം എന്നവനോട് പറഞ്ഞു. ബസിന്റെ പ്രശനം കെട്ടി ചമച്ചതാണെന്ന് പറഞ്ഞു ഒരു കൂട്ടം ആള്‍ക്കാര്‍ കൂടുതല്‍ പ്രശ്നമുണ്ടാക്കി. പുറത്തു നിന്ന സഹായി പയ്യനെ അവര്‍ അകത്തേക്ക് വലിച്ചു പിടിച്ചുകയറ്റി അടിച്ചു. എന്റെ മുന്നില്‍ ഉണ്ടായിരുന്ന ഒരു ചേട്ടനെ അവനെ അടിക്കുന്നതില്‍ നിന്നും ഞാന്‍ പിടിച്ചു മാറ്റി. എന്നിട്ടും അവര്‍ അടി തുടര്‍ന്നു. ഞാനല്ല ഡ്രൈവര്‍ എന്നവന്‍ കരഞ്ഞു പറയുന്നുണ്ടായിരുന്നു. അത് കണ്ടു സഹിക്കാഞ്ഞിട്ടാകണം ഞാനും ഒന്നു രണ്ടു ആള്‍ക്കാരും പുറത്തേക്കിറങ്ങി. പെട്ടെന്ന് ബസ്‌ സ്റ്റാര്‍ട്ട്‌ ആയി. എല്ലാരും കേറി കഴിഞ്ഞപ്പോള്‍ ഞാന്‍ ഏറ്റവും വെളിയില്‍. എന്റെ കാലറ്റം വരെ വെള്ളമുണ്ടായിരുന്നു.  പിന്നെ കുറെ ദൂരം തൂങ്ങിയായി യാത്ര. കുറച്ച്  മുന്നിലെക്കെത്തിയപ്പോള്‍ ഒരു ഇലക്ട്രിക്കല്‍ ലൈന്‍ പൊട്ടി വെള്ളത്തിലേക്ക്‌ വീണു തീപ്പൊരികള്‍ ചിതറി. കൂടെ ബസില്‍ നിന്നും കൂട്ട ആരവങ്ങളും. ഞാന്‍ പേടിച്ചുപോയി കാരണം ഞാനാണല്ലോ ഏറ്റവും വെളിയില്‍. കൂടാതെ എന്റെ കാലാണെങ്കില്‍ റോഡിലെ വെള്ളത്തിലും. പക്ഷെ പേടിച്ചത് പോലെ ഒന്നും സംഭവിച്ചില്ല. ബസ്‌ മുടന്തി മുടന്തി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. ശരിക്കും അതിനു പ്രശ്നമുണ്ടായിരുന്നു അപ്പോഴെനിക്കും പിന്നീട് മറ്റുള്ളവര്‍ക്കും മനസ്സിലായി.  വേറെ ബസുകള്‍ ഒന്നും സര്‍വീസ് നടത്തുന്നില്ലായിരുന്നു. അമ്മച്ചിക്ക് പ്രസവ വേദന... മോള്‍ക്ക്‌ വീണ വായന.... എന്ന് പറയുന്നതിനെ ശരി വെയ്ക്കുന്ന രീതിയില്‍ റോഡരികിലെ കടകളില്‍ വേറെ പണിയൊന്നും ഇല്ലാതെ കുത്തിയിരുന്ന ചില വിവരധോഷികള്‍ ഓരോരോ കമന്റുകള്‍  പറയുന്നുണ്ടായിരുന്നു. അതില്‍ ഒരു വിവരധോഷി എന്റെ മേലേക്ക് വെള്ളവും തെറിപ്പിച്ചു. അവന്റെ അമ്മക്ക് വിളിക്കണം എന്നാണ് അപ്പോള്‍ തോന്നിയത്. പക്ഷ വിളിച്ചില്ല. റോഡിനു കുറുകെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വലിയ ആര്‍ച്ച്  വീണു കിടപ്പുണ്ടായിരുന്നു. അങ്ങനെ ഒരു സൈഡ് ഗതാഗതം പൂര്‍ണ്ണമായും നിന്നു. നമ്മുടെ വണ്ടി മറു സൈഡില്‍ കൂടി പൊയ്ക്കൊണ്ടിരുന്നു. ബസില്‍ ആയിരുന്നെങ്കിലും എന്റെ കാലുകള്‍ വെള്ളത്തിനടിയില്‍ ആയിരുന്നു. അത്ര മാത്രം വെള്ളം കയറിയിരുന്നു. വെള്ളത്തിന്റെ ആഴം കൂടി കൂടി വരുന്നു.. അതനുസരിച്ച് ബസിന്റെ കിതപ്പും കൂടി കൂടി വന്നു. കുറച്ച് കൂടി മുന്നിലേക്ക്‌ ചെന്നതും ബസിന്റെ അടിയില്‍ നിന്നും പുക വരാന്‍ തുടങ്ങി. മുന്‍പില്‍ നിന്നും പിന്നില്‍ നിന്നും നിര്‍ത്താതെ പുക. വെളിയില്‍ നിന്നവര്‍ വണ്ടി ഇപ്പൊ കത്തും എന്നു വിളിച്ചു പറഞ്ഞു. ഡ്രൈവര്‍ ആരോടൊക്കെയോ എല്ലാ വാശി എന്നപോലെ വീണ്ടും വീണ്ടും മുന്നിലേക്കെടുത്തു. അവസാനം ആ പാവം ബസ്‌ കിതച്ചു കിതച്ചു നിന്നു. ഒരു വലിയ പുഴയ്ക്കു നടുക്ക് നിര്‍ത്തിയിട്ട ബോട്ട് പോലെ അതു ആ റോഡില്‍ കിടന്നു. വേറെ ഒരു വാഹനങ്ങളും അവിടെ ഉണ്ടായിരുന്നില്ല. ഏറ്റവും ആഴമുള്ള ഭാഗത്ത്‌ ആ ബസ്‌ അങ്ങനെ കിടന്നു. അപ്പോഴും അതിന്റെ അടിയില്‍ നിന്നും പുക വരുന്നുണ്ടായിരുന്നു. ബസ്സിന്റെ ഏറ്റവും വെളിയില്‍ ഞാനായതിനാല്‍ ആദ്യം ഞാന്‍ തന്നെ ഇറങ്ങേണ്ടി വന്നു. നല്ല തണുത്ത കൊഴുത്ത ചെളി വെള്ളത്തിലേക്ക്‌ ഞാന്‍ പതിയെ ഇറങ്ങി. ഏതാണ്ട് എന്റെ ഇടുപ്പ് വരെ വെള്ളം. പാന്റ്സിന്റെ കീശയില്‍ കിടന്ന എന്റെ മൊബൈല്‍ നനഞ്ഞു. പിന്നെ അതിനെയും കയ്യില്‍ എടുത്തു ശ്രദ്ധയോടെ പിടിച്ചു ഞാന്‍ ആയസ്സപ്പെട്ടു നടന്നു. കുറച്ച് മുന്നിലായി ഞാന്‍ ഇപ്പൊ നില്‍ക്കുന്ന ആറിന്റെ കരിയെന്നു തിന്നിപ്പിക്കുന്ന സ്ഥലത്ത് എല്ലാ വണ്ടികളും നിര്‍ത്തിയിട്ടിരിക്കുന്നു. ഇംഗ്ലീഷ് സിനെമാക്ളിലെന്ന പോലെ ഒരു റോഡും നിറയെ വാഹനങ്ങളും.  അത്രയും ആഴത്തിലേക്ക് വണ്ടിയിറക്കാന്‍ എല്ലാര്‍ക്കും മടിയുള്ള പോലെ. ഞാന്‍ ആയസ്സപ്പെട്ടു നടന്നു നടന്നു തീരത്തെത്തി.   മുട്ടോപ്പമുള്ള ഒരു ചുവന്ന ഫ്രോക്കുമിട്ടു ഒരു സുന്ദരി ആ ആഴങ്ങളിക്ക് പോകുന്നുണ്ടായിരുന്നു. ഞാന്‍ ഉടന്‍  തന്നെ നടക്കാന്‍ പോകുന്ന ആ രംഗം മനസ്സില്‍ കണ്ടു. ആ വെള്ളത്തിന്റെ ഒത്ത നടുക്ക് ഒരു ചുവന്ന ഫ്രോക്ക്.  അറിയാതെ ഞാനവളുടെ മുഖത്തേക്ക് (മുഖത്തേക്ക് തന്നെ ആയിരുന്നോ എന്നുറപ്പില്ല ) നോക്കി. എന്റെ മനോവിചാരം മനസ്സിലാക്കിയിട്ടാണോ എന്തോ അവളുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു. പിന്നെ ഞാന്‍ പതിയെ കരയിലെകും. അവള്‍ പുഴ റോഡിലേക്കും. നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കിടയിലൂടെ ഞാന്‍ വേഗം നടന്നു. ഇനി
നടന്നു പോകാവുന്ന ദൂരമേ ഉള്ളൂ റൂമിലേക്ക്‌.... സമാധാനത്തോടെ ഞാന്‍ ആഞ്ഞു നടന്നു... റോഡരികില്‍ അടിഞ്ഞു കൂടിയ ചെറിയ ചെറിയ ചെളി മലകളെ കടന്നു, ശൂന്യമായ റെയില്‍വേ ട്രാക്കുകള്‍ മുറിച്ചു കടന്നു, ആളൊഴിഞ്ഞ ഇരുട്ടിലാര്‍ന്ന നാലുമുക്കുകള്‍ കടന്നു ഞാന്‍ ആഞ്ഞാഞ്ഞു നടന്നു..... റൂമിലേക്ക്‌....

No comments:

Post a Comment

vishnuprasad or vichooss.