Wednesday, April 10, 2013

ആ ഞാൻ എവിടെയാണ് ??

ആ ഞാൻ എവിടെയാണ് ?? പുഴകളെ സ്നേഹിച്ച, പാറ മുകളിലും തോട്ടിൻ വരമ്പുകളിലും, പായൽ പിടിച്ച കുളക്കടവുകളിലും ഓജസ്സോടെ ഓടി നടന്ന ആ ഞാൻ. നട്ട പാതിരാക്ക്‌ കൂരിരുട്ടത് ഇടതൂര്ന്ന മരങ്ങള്ക്ക് ഇടയില്ലൂടെയുള്ള ഇടുങ്ങിയ വഴികളിലൂടെ അനായാസം  ഓടിയിരുന്ന, പാതിരാക്കളിൽ നാഗ മാണിക്യം തേടി കൂടുകാരുമായി ഇടുങ്ങിയ പാറ ഇടുക്കുകളിൽ കാത്തിരുന്ന ഞാൻ, വെള്ളിയാഴ്ച കാവുകളെ പ്രണയിച്ച ആ ഞാൻ ഇന്നെവിടെയാണ്‌??? അന്നെന്റെ ഓരോ ചലനത്തിനും അര്തമുണ്ടായിരുന്നു. വാക്കുകള്ക്കും അപ്പുറം മറ്റെന്തോ ഒരു അർത്ഥം. പുലരികൾക്ക് വർണനാതീതമായ തെളിച്ചമുണ്ടായിരുന്നു . അവിടെ കളി ചിരികൾ ഉണ്ടായിരുന്നു, കണ്ണീരുണ്ടായിരുന്നു. അവക്കൊക്കെ അവയുടേതായ അര്തവും വ്യാപ്തിയും ഉണ്ടായിരുന്നു. ഇന്നൊ... ആരോ കീ കൊടുത്തു വിട്ട പാവയെ പോലെ എന്തോ ചെയ്യുന്നു. ഒന്നിനും ഒരര്തവും ഇല്ലാത്ത എന്തൊക്കെയൊ.... 

Wednesday, February 22, 2012

അണ്ണന്മാരും പിള്ളേരും..


                        കഴിഞ്ഞ ആഴ്ചയിലെ സമദൂരം പരിപാടി (മഴവില്‍ മനോരമയില്‍) കണ്ടപ്പോള്‍ ഒടുക്കത്തെ ഒരു ത്രില്‍ ആയിരുന്നു.. വിഷയം ഇതായിരുന്നു ഇപ്പോഴത്തെ കലാലയങ്ങള്‍ ഉറങ്ങിപ്പോകുന്നോ എന്നാണു.. അതിനു മനസ്സിലാകാത്ത ഒരു നെടുനീളം ടൈറ്റില്‍ ആണു സ്രീകണ്ടന്‍ മാമന്‍ കൊടുത്തത്. അതെന്തോ ആയിക്കോട്ടെ... പരിപാടി ഇങ്ങനെ മൂത്ത് മൂത്ത് വന്നപ്പോള്‍.. ശ്ശേടാ... ഞാനവിടെ ഇല്ലാതായിപ്പോയല്ലോ എന്നു തോന്നിപ്പോയി... കാരണം പഴയ സിംഹങ്ങളുടെ മുന്നില്‍ നമ്മുടെ ഇപ്പോഴത്തെ പുലിക്കുട്ടികള്‍ പൊരുതി മുന്നേറുന്നത് കണ്ടപ്പോള്‍ ഒരു സുഖം. നാക്കിനു ലൈസന്‍സ് ഇല്ലാത്ത നമ്മുടെ ജി എസ്സ് പ്രദീപ് ചേട്ടന്റെ കൂരമ്പുകള്‍ക്ക് മുന്നില്‍ നമ്മുടെ പാവം യുവ തലമുറ പിടിച്ചു നില്‍കാന്‍ നന്നേ പാടു പെടുന്നുണ്ടായിരുന്നു..
                                       ഞാനവിടെ ഉണ്ടായിരുന്നെങ്കില്‍ എന്റെ എല്ലാ ചോദ്യങ്ങളും മേല്‍പ്പറഞ്ഞ ആ ചേട്ടനോട് ആയിരിക്കും... കാരണം ആ ചേട്ടന്‍ ഞെളിഞ്ഞിരുന്നു കുറ്റം പറഞ്ഞത് നമ്മുടെ പാവം സ്റ്റീവ് ജോബ്സിനെ. ഒരു കമ്പ്യൂട്ടര്‍ കൊണ്ട് കഞ്ഞി കുടിക്കുന്ന ഒരുത്തനായത്‌ കൊണ്ട്  പുള്ളിക്കാരന്റെ കമ്പ്യൂട്ടര്‍ പുച്ഛം എനിക്ക് കുറച്ച് അലോസരങ്ങള്‍ ഉണ്ടാക്കി. സ്വസ്ഥമായിരുന്നു ആ പരിപാടി കാണാന്‍ പിന്നെ ഒരു മടി.. ഒരായിരം ചോദ്യങ്ങളിങ്ങനെ മനസ്സില്‍ തികട്ടി തികട്ടി വന്നു.  കുറെ ദിവസ്സമായി അതൊക്കെ ഒന്നു ചോദിക്കണം എന്നു വിചാരിക്കുന്നു. പക്ഷെ സമയം ഇല്ലാരുന്നു. അതാണ്‌ ഈ വൈകിയ വേളയില്‍...  സിംഹങ്ങള്‍ പറഞ്ഞത് ഇത്രേ ഉള്ളൂ ഇപ്പോഴത്തെ കലാലയങ്ങളില്‍ സര്ഗ്ഗവാസ്സന കുറവാണ്.. ആരും ക്ലാസ്സ്‌ കട്ട്‌ ചെയ്യുന്നില്ല.. നല്ല നല്ല ആശയങ്ങള്‍ വരുന്നില്ല.. കലാകാരന്മാര്‍ നന്നേ കുറവാണ്.. ആരും മനുഷ്യനാകാന്‍ പഠിക്കുന്നില്ല വായന മരിച്ചു എന്നൊക്കെ.. ഈ പറഞ്ഞതൊക്കെ ഒരര്‍ത്ഥത്തില്‍ ശരിയാണ് എന്നു തന്നെയാണ് എന്റെ അഭിപ്രായം. പക്ഷെ വായന മുഴുവനും മരിച്ചിട്ടില്ല.. ചക്ര ശ്വാസം വലിച്ചു കൊണ്ടിരിക്കുകയാണ്..  നിങ്ങള്‍ പറഞ്ഞു നിങ്ങളുടെ സമയമായിരുന്നു കിടിലം സമയം എന്നു.. പക്ഷെ ഒരു കാര്യം മനസ്സിലാക്കണം ഏതൊരാള്‍ക്കും അവരുടെ കലാലയ ജീവിതസമയമാണ് ഏറ്റവും ഉത്തമമായി തോന്നുക.. എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്.. മുടിപ്പുര അമ്മച്ചിയാണേ സത്യം... എല്ലാം, കഴിഞ്ഞു ഒരു ജോലിയൊക്കെ കിട്ടിയപ്പോള്‍ ഞാനും നമ്മുടെ ടീമും കൂടി വീണ്ടും കോളേജില്‍ പോയിരുന്നു... ഒരു യാത്ര പറച്ചില്‍... അപ്പൊ ഈ മേല്‍പ്പറഞ്ഞ സാധനം എനിക്കും തോന്നി... എനിക്കുമാത്രമല്ല നമ്മുടെ മുഴുവന്‍ ടീമ്സിനും തോന്നി.. കോളേജ് ഉറങ്ങിയതുപോലെ.. ജൂനിയര്‍ ഒരുത്തനെ വിളിച്ചു ചോദിച്ചു.. "എന്തരെടെ ഇത്.. ഒച്ചേം അനക്കൊന്നും ഇല്ലല്ലോ.. ഫുള്‍ ടൈം ക്ലാസ്സില്‍ തന്നല്ലേ...?? നീയൊക്കെ എന്തരിനെടെ ഇങ്ങനെ പടിക്കനത്??"  എന്നു... അവനുടനെ ഒരൊറ്റ സെന്റെന്‍സില്‍ അവന്റെ ധുര്യോഗങ്ങള്‍ നമ്മുടെ മുന്നില്‍ നിരത്തി.. " അണ്ണാ,,, നിങ്ങടെ ടൈം പോലെ അല്ല.. ഇപ്പൊ സെമെസ്ടരാ .. പഴയത് പോലെ കാള കളിച്ചു നടക്കാനൊന്നും പറ്റില്ല... ആകെ നാല് മാസം .. അതില്‍ രണ്ടു ഇന്റെര്‍ണല്സ്.. പിന്നെ വേറെ ക്ലാസ്സ്‌ ടെസ്റ്റുകള്‍ .. പിന്നെ മിനി പ്രൊജക്റ്റ്‌.. മെയിന്‍ പ്രൊജക്റ്റ്‌... സെമിനാര്‍.. അത് .. ഇത്... ചപ്പ്‌.. ചവറു.. ഇങ്ങനെ.. നേരെ ചൊവ്വേ ഒന്നുറങ്ങാന്‍ പോലും ടൈം ഇല്ല.. ഒരര്‍ത്ഥത്തില്‍ നമ്മുടെ കാര്യം കഷ്ടമാണ് അണ്ണാ..". നമ്മുടെ മുഴുവന്‍ ടീമ്സും അങ്ങനെ വായും തുറന്നിരുന്നു...ഇപ്പൊ പഠിക്കാന്‍ പറ്റാത്തത് വലിയ നഷ്ടമായിപ്പോയി ... പഠിച്ചിരുന്നെങ്കില്‍  ആ സക്കര്‍ബെര്‍ഗിനു ഒരു പണി കൊടുക്കാമായിരുന്നു എന്ന അര്‍ത്ഥത്തില്‍... ഇതൊക്കെയാണ് ജി എസ്സ് പ്രദീപ്‌ അണ്ണനോടും പറയാനുള്ളത്... അണ്ണന്‍ പറഞ്ഞ പോലെ പിള്ളാരൊക്കെ ഒരു ട്രാക്കിലാണ്... ഒരുപാട് പഠിക്കാനുണ്ട്.. ഒന്നുകില്‍ എഞ്ചിനീയര്‍.. അല്ലെങ്കില്‍ ഡോക്ടര്‍.. ഒന്നും കിട്ടീലേല്‍ മണ്ണ്‍വെട്ടീം എടുത്തോണ്ട് ഇറങ്ങും.. അല്ല പിന്നെ... 
                                                      ഇനി എന്റെ മനസ്സില്‍ വന്ന ചോദ്യങ്ങള്‍ ചോദിക്കാം.. എന്റെ എല്ലാ ചോദ്യങ്ങളും ജി എസ്സ് പ്രദീപ്‌ അണ്ണനോട് ആയിരിക്കും. അണ്ണന്‍ പറഞ്ഞതാനുസ്സരിച്ചു ഇപ്പൊ നല്ല നല്ല മനുഷ്യര്‍ ഉണ്ടാകുന്നില്ല.. എല്ലാം വെറും യന്ത്രങ്ങളെ പോലെ പ്രവര്‍ത്തിക്കുന്നു.. ആരോ കീ കൊടുക്കുന്നതനുസ്സരിച്ചു പ്രവര്‍ത്തിക്കുന്ന പാവകളാണ് ഇന്നത്തെ യുവത്വം എന്നൊക്കെ..  അണ്ണന്‍ പറയുന്നപോലെ ഇപ്പോഴത്തെ പിള്ളേരൊക്കെ സ്റ്റീവ് ജോബ്സാകാന്‍ പഠിക്കുവ.. സത്യം... അല്ലാതെ രാവിലെ കോളേജില്‍ വന്നു ഒരു കുറ്റി ബീഡീം വലിച്ച് "അപര്‍ഹ്നതിന്റെ അനതതയില്‍ അവന്‍ നടന്നകന്നു.. ഗുരുവായൂരപ്പന് ജലധോഷമായിരുന്നു അന്ന്... ഘുധാ വഹാ... " എന്നൊക്കെ പറഞ്ഞിരുന്നാല് പണി പാളും എന്നു ഇന്നത്തെ പിള്ളേര്‍ക്ക് അറിയാം... അണ്ണന്‍ പറയുന്നപോലെ ഇവിടെ എല്ലാരും സാഹിത്യ സൃഷിടികള്‍ മാത്രമേ നടത്തൂ എന്നാണെങ്കില്‍ ലോകത്തിന്റെ അവസ്ഥ എന്താകും??? അണ്ണന്‍ പറയുന്ന പോലെ ഒരാള്‍ അണ്ണനെ പോലെ അല്ലെങ്കില്‍  മോഹന്‍ലാലിനെ പോലെ യേശുദാസിനെ പോലെ ആയാലെ  എന്തെങ്കിലും ആയി എന്നര്‍ത്ഥം ഉള്ളൂ എങ്കില്‍... താങ്കളുടെ ആ വലിയ തലയില്‍ ഉരുത്തിരിഞ്ഞ ഈ വലിയ ചിന്തയോട് എനിക്ക് പുച്ഛമാണ്... കാരണം വളരെ സിമ്പിള്‍.. അണ്ണന്‍ വിചാരിക്കുക... ഓരോ വര്‍ഷവും കേരളത്തിലെ കോളേജ്-കളില്‍  നിന്നും കലാകാരന്മാരും കലാകാരിമാരും മാത്രമേ പുറത്തിറങ്ങുന്നുള്ളൂ എന്നു കരുതുക.. എന്നാല്‍ എന്താകും നാടിന്റെ അവസ്ഥ...! ആര് വിതക്കും??? ആര് കൊയ്യും??? നമ്മളൊക്കെ എങ്ങനെ കഞ്ഞി കുടിക്കും...??? കലാകാരന്മാര്‍ സര്‍ഗ്ഗ സൃഷികള്‍ മാത്രമെല്ലേ നടത്തൂ... ഫുഡ്‌ സൃഷ്ടികള്‍ നടത്തില്ലല്ലോ...! വയറു കാഞ്ഞിരിക്കുമ്പോ ആരും യേശുദാസിന്റെ ഗാനമേള കേള്‍ക്കാന്‍ പോകൂല എന്നുള്ള നഗ്നമായ സത്യം അണ്ണന്‍ മനസ്സിലാക്കണം.... അണ്ണന് പ്രസിദ്ധര്‍ അല്ലാത്തവരോട് പുച്ഛമാണ്. അല്ലെങ്കില്‍ എനിക്കങ്ങനെ തോന്നി,,,,തെറ്റാണെങ്കില്‍ ഷെമി... അണ്ണനോട് എനിക്കൊന്നെ പറയാനുള്ളൂ...   എല്ലാരും കലാകാരന്മാര്‍ ആകാത്തത് കൊണ്ടാണ് സുഹൃത്തേ ഇന്നീ കാണുന്ന ലോകം  ഇങ്ങനെയെങ്കിലും ആയതു... ലോകം കൈതുമ്പില്‍ എന്നൊരു തോന്നല്‍ ഉണ്ടാകാന്‍ കാരണം താങ്കള്‍ പുചിച്ചു തള്ളിയ ചിപ്പും അതിന്റെ പുറകില്‍ തലപുകക്കുന്ന കുറെ ജന്മങ്ങളും ആണെന്നാണ്‌ എന്റെ വിശ്വാസം. കലാകാരന്‍ ആയാല്‍ എല്ലാം ആയി എന്നൊരു തോന്നലെനിക്കില്ല.. കലാകാരന്‍ ആകത്തതില്‍ തെല്ല് വിഷമോം ഇല്ല... അത് പോലെ തന്നെ ഇവിടെ പല പല ജോലികള്‍ ചെയ്യുന്ന പലരും ഉള്ളത് കൊണ്ടാണ് നമ്മുടെ സമൂഹം നിലനില്‍ക്കുന്നത്.. സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞത് പോലെ "ഇവിടെ സിനിമകള്‍ ഉണ്ടായില്ല എന്നു വച്ചു പട്ടിണി മരണങ്ങള്‍ ഒന്നും ഉണ്ടാകില്ല.. ആരും തെരുവില്‍ ഇറങ്ങില്ല ... ഒരു കലാകാരന്‍ എന്ന നിലക്ക് നല്ല നല്ല സൃഷ്ടികള്‍ ഉണ്ടാക്കുക. " ഞാനാ പറഞ്ഞതിനോട് നൂറു വട്ടം യോജിക്കുന്നു. കാരണം അത്രേ ഉള്ളൂ... ഒരു ദിവസ്സം നിങ്ങളെല്ലാരും കൂടി പെട്ടീം പോക്കനോം എടുത്തോണ്ട് പോയെന്നും വച്ചു ഇവിടെ ആരും പട്ടിണി കിടക്കാനൊന്നും പോകുന്നില്ല. സിനിമ പ്രവര്‍ത്തകര്‍ പണി മുടക്കുന്നു എന്നുള്ളത് ഒരു വാര്‍ത്ത‍ മാത്രമാണ്. അങ്ങനെ പണി മുടക്കിയത് കൊണ്ട് ഇവിടെ ഒന്നും സംഭവിച്ചില്ല.. നിങ്ങള്‍ക്കൊക്കെ പണി ഇല്ലായിരുന്നു എന്നു മാത്രം. അതേ സമയം ഓട്ടോറിക്ഷാ-ക്കാരോ ബസ്‌ തൊഴിലാളികളോ പണി മുടക്കിയാലോ??? പണി പാളും... കേരളം സ്തംഭിക്കും.. എല്ലാരും ചെയ്യുന്നത് ജോലിയാണ്. എല്ലാ ജോലിക്കും അതിന്റേതായ മഹത്വം ഉണ്ട്.. നിങ്ങടെ ജോലിയെക്കുറിച്ച് പറയുകയാണെങ്കില്‍ കുറച്ച് ആളുകള്‍ക്ക് നിങ്ങളെ കൂടുതല്‍ അറിയാം എന്ന ഒരേ ഒരു കാര്യം മാത്രമാണ് എടുത്തു പറയാന്‍ പറ്റാവുന്ന ഒരു ഗുണം. ആളുകള്‍ക്ക് ഇഷ്ടമില്ലാതായാല്‍ അതും പോയി. അത് കൊണ്ട് മറ്റുള്ള ജോലികള്‍ ചെയ്യുന്നവരെ പുചിക്കരുത്.. റിക്വസ്റ്റ്.. താങ്കള്‍ പറഞ്ഞപോലെ നിലനില്‍പ്പിനു വേണ്ടിയുള്ള സമരം താങ്കളുടെ മേഖലയില്‍ മാത്രം അല്ല... എവിടെ പോയാലും അതൊക്കെ അനുഭവിച്ചേ പറ്റൂ..  കരുത്തുള്ളവന്‍ കേറി വരും അതാണ്‌ സത്യം... അതെല്ലാ സ്ഥലത്തും അങ്ങനെയാണ്. മാഷൊരു കാര്യം മനസ്സിലാക്കണം മാഷ്‌ കേരളത്തില്‍ എവിടെയോ ഇരുന്നു പറഞ്ഞ കാര്യം ഞാനിവിടെ ആസ്സാമില്‍ ഇരുന്നു കണ്ടത് ആരും അതെല്ലാം കൂടി കോട്ടയ്ക്കു ചുമന്നു കൊണ്ട് വന്നതിനാല്‍ അല്ല... അവിടെ നിന്ന ഒരു ചങ്ങാതി അത് ക്യാമറ-യില്‍ പിടിച്ചു വേറെ കുറെ ചങ്ങാതിമാര് അതിനെ വെട്ടി കഴുകി വൃത്തിയാക്കി നല്ല മസ്സാലയോക്കെ ചേര്‍ത്ത് കാണാന്‍ പാകമാക്കി എയര്‍ ചെയ്തത് കൊണ്ടാണ്... പണ്ടൊരു ഫോട്ടോ എടുക്കണമെങ്കില്‍ രണ്ടു ദിവസ്സം പോക്കായിരുന്നു. ഒരു ദിവസ്സം ഫോട്ടോ എടുക്കാന്‍. പിന്നൊരു ദിവസ്സം ആ ഫോട്ടോ പോയി വാങ്ങാന്‍. ഇപ്പൊ അഞ്ചു മിനുട്ടില്‍ കഴുകി വെടിപ്പാക്കിയ ഫോട്ടോ കയ്യില്‍ കിട്ടും.. അതുമൊരു കലയാണ്‌ മാഷെ.. മുന്‍പേ പോയവര്‍ ചെയ്തു വച്ചത് ആവര്‍ത്തിക്കാതെ അവരെ മാത്രം പഠിക്കാതെ വ്യത്യസ്സമായി കുറെ പേര്‍ ചിന്തിച്ചതിന്റെ ഫലം. അവരും സ്റ്റാര്‍ ആണു.. പക്ഷെ ആരും അറിയുന്നില്ല... നമ്മള്‍ എല്ലാരും മനസ്സിലാക്കേണ്ട കാര്യം നമ്മുടെ എല്ലാരുടെ ജോലിക്കും അതിന്റെത്തായ മൂല്യമുണ്ട്... മഹത്വമുണ്ട്.. ആരെയും സ്റ്റാര്‍ ആക്കി പൊക്കിക്കാട്ടി; സ്വയം താഴ്ത്തികെട്ടെണ്ട കാര്യമില്ല.. കലകാരന്മാരകാന്‍ കഴിയാതെ കലാലയം വിട്ടിറങ്ങുന്ന ഇന്നത്തെ പുലിക്കുട്ടികളോട് നാളത്തെ സിംഹങ്ങളോട് ഒരു വാക്ക്.. അവനവനു ഇഷ്ടമുള്ള ജോലി ചെയ്യുക... എല്ലാ ജോലിക്കും മഹത്വമുണ്ട്,.... വല്ല സര്‍ഗ്ഗ വാസ്സനകളും ഉണ്ടെങ്കില്‍ ചെയ്യുന്ന ജോലിയോടൊപ്പം അതും പരിപോഷിപ്പിക്കുക.. കലയെ ഒരു ജോലിയായി കാണരുത്... അങ്ങനെ കാണുമ്പോഴാണ് ആത്മാര്‍ത്ഥത കുറയുന്നത്.. നല്ല നല്ല കലാ സൃഷ്ടികള്‍ ഉണ്ടാകാതെ പോകുന്നത്... ശുഭം... 

Sunday, February 5, 2012

എന്നാലും എന്റെ സഖാവെ...


ഇപ്പൊ മലയാളികളുടെ ഏറ്റവും വലിയ പ്രശനം കര്‍ത്താവ്‌ ഈശോ മിശിഹാ തമ്പുരാന്‍ മാര്‍ക്സിസ്റ്റ്‌ ആണോ അല്ലയോ എന്നതാണ് എന്നു തോന്നണു. എവിടെ നോക്കിയാലും അതേ ചോദ്യങ്ങള്‍. ഫേസ്ബുക്ക്‌  തുറന്നാല്‍ അത്.. ടിവി കാണാം എന്നു വച്ചാല്‍ അതിലും ഇതേ വാര്‍ത്ത... എന്റമ്മച്ചീ ഇവന്മാര്‍ക്കൊന്നും വേറെ ഒരു പണീം ഇല്ലേ?????? എന്തായാലും ഞാനെന്റെ മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ അങ്ങ് പറയാം... 
                 ക്രിസ്തുവും കൃഷ്ണും മറ്റും മാര്‍ക്സിസ്റ്റ്‌ -കാരനെന്നു ഞാനും വിശ്വസിക്കുന്നില്ല. അതുപോലെ തന്നെ അവരാരും ദൈവങ്ങള്‍ ആണെന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ശാസ്ത്രീയ പരമായ അവബോധവും വിധ്യഭാസ്സ വിലവാരവും വളരെ കുറവായിരുന്ന ആ കാലഘട്ടത്തിലെ ജനങ്ങള്‍ ഒരുപക്ഷെ കൃസ്തുവിനെയും കൃഷ്ണനെയും പോലെയുള്ള കഴിവുള്ള ആള്‍ക്കാരെ അവരുടെ നേതാക്കള്‍ ആയി കണ്ടിരുന്നിരിക്കാം... അവരായിരുന്നിരിക്കണം അന്നത്തെ ഗര്‍ജ്ജിക്കുന്ന സിംഹങ്ങള്‍...  ക്രിസ്തുവും കൃഷ്ണനും ഒന്നും ജീവിച്ചത് ലോകത്തിനു വേണ്ടിയാണെന്ന് ഒരു കഥയിലും ഞാന്‍ കേട്ടിട്ടില്ല.. അവരവരുടെ സമൂഹത്തിനു വേണ്ടി അവര്‍ പടപൊരുതി... (അത് കൊണ്ട് തന്നെ അവരെ ഒരു വിപ്ലവകാരി എന്നു വിളിക്കുന്നതിലും തെറ്റില്ല.. പക്ഷെ വിപ്ലവകാരി എന്ന വാക്കിനു മാര്‍ക്സിസ്റ്റ്‌ എന്നു അര്‍ത്ഥമില്ലല്ലോ???? ) അങ്ങനെ നേതാക്കന്മാരയവരുടെ വീരചരിതങ്ങള്‍ വരും തലമുറ പാടിപ്പാടി ഇന്ന് നമ്മള്‍ കേള്‍ക്കുന്ന പല ദൈവീക കഥകളുമായി പരിനമിചിരിക്കാം... അന്നത്തെ ജനങ്ങളുടെ അറിവില്ലായ്മയെ സമൂതിലെ മേലാളന്മാര്‍ ചൂഷണം ച്ചെയ്തു. അവരതിന് മതങ്ങളെ കൂട്ടുപിടിചിരിക്കാം... അങ്ങനെയുള്ള ഈ വിശ്വാസ്സങ്ങള് മറ്റുള്ളവരില്‍ അടിചെല്‍പ്പിചിരിക്കാം... അങ്ങനെ അടിചെല്‍പ്പിക്കപ്പെട്ടതും മനുഷ്യനാല്‍ തന്നെ ചമയ്ക്കപ്പെട്ടതുമായ ദൈവങ്ങള്‍ മാത്രമേ ഈ ലോകത്തുള്ളൂ എന്നാണ് എന്റെ വിശ്വാസം. അല്ലെങ്കില്‍ അവരെന്തേ ദൈവ പുത്രനും പ്രവാചകനും അവതാരവും മാത്രമായി പോയി... ദൈവം ആണെങ്കില്‍ ദൈവം എന്നല്ലേ വിളിക്കേണ്ടത്?????  അതായത് നേരെ ചൊവ്വെ ആലോചിച്ചാല്‍ എല്ലാം ഉടായിപ്പ....  

തമിഴ്‌നാട്ടില്‍ സിനിമാക്കാരെ ആരാധിക്കുന്ന അമ്പലങ്ങള്‍ ഇന്നും നിലവിലുണ്ട്.. പക്ഷെ സമൂഹത്തില്‍ ഭൂരിഭാഗവും അറിവുള്ളവര്‍ ആയതു കൊണ്ട് സിനിമാക്കാര്‍ ആരും യഥാര്‍ത്ഥ ദൈവങ്ങള്‍ ആകുന്നില്ല... അല്ലങ്കില്‍ രജനികാന്തിന്റെ വീരച്ചരിതങ്ങളെ തോല്‍പ്പിക്കാന്‍ ജപ്പാനില്‍ നിന്നും ജാക്കി ചാന്‍ ദൈവത്തെ ഇറക്കേണ്ടി വന്നേനെ... വേള്‍ഡ് കപ്പ്‌ ഇന്ത്യക്ക് തന്നതിന് വേണമെങ്കില്‍ ധോനിയെയും ഒരു ദൈവം ആക്കം.... എന്നിട്ടൊരു കഥയും.... ""ഒരിക്കല്‍ ഇവിടെ മഹേന്ദ്ര സിംഗ് ധോണി എന്നു പറയുന്ന ഒരു മഹാനായ രാജാവുണ്ടായിരുന്നു, രാവണന്റെ മരണത്തിനു ശേഷം കലി പൂണ്ട അസുരന്മാര്‍ പുതിയൊരു അവസ്സരത്തിനായി കാത്തിരുന്നു.. അതിനവര്‍ ലങ്കയിലെ തമിഴ് പുലികളെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു. അവസാനം തമിഴ് പുലികളുടെ നേതാവായിരുന്ന വേലുപ്പിള്ള പ്രഭാകരനെ അവര്‍ നിരധയം കൊന്നു കളഞ്ഞു. ഇതറിഞ്ഞു കലിപൂണ്ട ഭാരത രാജാവ് ധോണി ലങ്കക്കാരെ യുദ്ധത്തിനു ക്ഷണിച്ചു. മുംബയില്‍ വച്ചു ഒരു പ്രത്യേക തരം യുദ്ധത്തില്‍ (ക്രിക്കറ്റ്‌) അവര്‍ സംഗക്കാരയുടെ നേതൃത്വത്തില്‍ ഉള്ള ലങ്കന്‍ പടയെ തോല്‍പ്പിച്ചു. അവസാന പന്ത് ധോണി അടിച്ചു വെളയില്‍ കളഞ്ഞു പകരം വീട്ടി... " ഇങ്ങനെ ഒരു കഥയും ഉണ്ടായേനെ... എല്ലാം മനുഷ്യ നിര്‍മിതമാണ് .. അവിടെ ദൈവങ്ങളെ  വലിച്ചിഴക്കേണ്ട.. ഇപ്പൊ മാര്‍ക്സിസ്റ്റ്‌ മാമന്മാരും കര്‍ത്താവിനെ സ്തുതിക്കുന്നത് ഒരൊറ്റ കാരണം കൊണ്ടാണ്... കര്‍ത്താവിന്റെ ഫാന്‍സിന്റെ വോട്ട്... വോട്ട് തെരഞ്ഞെടുപ്പ് അടുക്കാന സമയത്ത് മാത്രം വിലയുള്ള നോട്ട്.... ഏതോരു കൊച്ച്‌ പിള്ളാര്‍ക്കും മനസ്സിലാകാന കാര്യം... അതിനാണോ ഇത്രേം വലിയ ചര്‍ച്ചകളും മറ്റും.... വല്ലതും ഉണ്ടെങ്കില്‍ എടുത്തു ഊത്തി അടിച്ചു ഫിറ്റായി കേടക്കേണ്ട സമയത്താ അവന്റെയൊക്കെ ഒരു ദൈവകാര്യം.... 

Saturday, November 5, 2011

എന്റെ മലയാളം... മധുര മലയാളം...

എന്താ മലയാളികള്‍ക്ക് പച്ച മലയാളം ഇഷ്ടമല്ലേ? സാഹിത്യ ഭാഷയില്‍ പറഞ്ഞാലേ അല്ലെങ്കില്‍ പാടിയാലേ മലയാളികള്‍ അത് നല്ലതാണെന്ന് സമ്മതിച്ചു കൊടുക്കൂ എന്നുണ്ടോ???? ഇത് ചോദിക്കാന്‍ കാരണം എന്താന്ന് വെച്ചാല്‍ ഈയിടെയായി ഞാന്‍ കേള്‍ക്കുന്ന അന്യഭാഷാ സിനിമ പാട്ടുകളെ എല്ലാം നമ്മുടെ മധുര മലയാളത്തിലേക്ക്  എന്നെ കൊണ്ട് ആകുന്ന രീതിയില്‍ തര്‍ജ്ജമ ചെയ്യാന്‍ ശ്രമിക്കാറുണ്ട് . ഉദാഹരണത്തിന് ഹിന്ദിയിലെയും തമിഴിലെയും പാട്ടിന്റെ കാര്യം പറയാം. അവരുടെ വരികള്‍ വളരെ ലളിതമാണ്. അത് മലയാളത്തില്‍ ആകുമ്പോള്‍ എനിക്കും എന്തോ ചിരി വരാറുണ്ട്.. ഒരു സന്തോഷ്‌ പണ്ഡിറ്റ്‌ വരികള്‍ ആയിപ്പോകുന്നു. ഉദാഹരണത്തിന്  താഴെ ഞാന്‍ ഒരു വളരെ പോപ്പുലര്‍ ആയ ഒരു ഹിന്ദി ഗാനത്തിന്റെ വരികള്‍ കൊടുത്തിട്ടുണ്ട്‌. അതൊന്നു മലയാളത്തിലേക്ക് മാറ്റാന്‍ ശ്രമിച്ചു നോക്കൂ.... (വരികളില്‍ ക്ലിക്ക് ചെയ്‌താല്‍ വീഡിയോ കാണാം) 

ദാ ഒരു ഹിന്ദി പാട്ട്...
Meri  Tarah Tum Bhi Kabhi Pyaar Karke Dekho Na
Meri Tarah Tum Bhi Kabhi Pyaar Karke Dekho Na
Chaahat Ka Mujhse Sanam Ikraar Karke Dekho Na
Kitna Mazaa Hai Kaisa Nasha Hai 
Kitna Mazaa Hai Kaisa Nasha Hai
Pyaar Karke Dekho Na 

ഇനി ഒരു തമിഴ് പാട്ട്..  

En kadhal solla neram illai
Un kadhal solla thevai illai 
Nam kadhal Solla vaartha illai
Unmai maraithaalum marayaathedi
 
എന്ത് ലളിതമാണ് വരികള്‍. അത് പോലെ തന്നെ വളരെ പോപ്പുലരാന് ഈ പറഞ്ഞ പാട്ടുകള്‍. അവരെപ്പോലെ തന്നെ മലയാളികളും ഈ പാട്ടിനെ ഇഷ്ട്ടപെടുന്നും ഉണ്ട്. സംസാരിക്കുന്ന പോലെ അവര്‍ പാട്ടുകള്‍ ഉണ്ടാക്കുന്നു. അവിടെ ഒരു വൃത്തികേടും അനുഭവപ്പെടുന്നും ഇല്ല.  വളരെ ലളിതമായ ഭാഷയില്‍ അതായത് അവുടെ സംസാര ഭാഷയില്‍ ഗാനങ്ങള്‍ രചിക്കുന്നു. എന്തോ മലയാളത്തില്‍ അങ്ങനെയുള്ള ശ്രമങ്ങള്‍ നടത്താറില്ല. അല്ലെങ്കില്‍ ആരെങ്കിലും ശ്രമിച്ചാല്‍ തന്നെ നമ്മള്‍ മലയാളീസ്സു അതിനെ പുശ്ചിച്ചു തള്ളും. ഞാനും അങ്ങനെ തന്നെയാണ്. നമുക്ക് മനസ്സിലാകാത്ത രീതിയില്‍ ഉള്ള പാട്ടുകള്‍ ആണു നമുക്കിഷ്ടം എന്നുണ്ടോ? സാഹിത്യം കുറഞ്ഞു പോയാല്‍ എന്തോ പോയ പോലെ. അയ്യേ..! ഇതെന്തു പാട്ടാ??? എന്നു ചോദിച്ചു നമ്മള്‍ മുഖം ചുളിക്കും. ശരിക്കും അത് വേണോ??? മലയാളത്തില്‍ വലിയ കിടിലങ്ങള്‍ ഉള്ളത് കൊണ്ടാന്നു തോന്നണു നമ്മള്‍ക്ക് അങ്ങനെയുള്ള ഒരു വിശ്വാസ്സം ഉള്ളത്. മലയാളീസ്സിനു എല്ലാം ജാഡ കാണിക്കാനുള്ള ഇടങ്ങളാണ്. എനിക്കിത്രേം അറിയാം എന്നുള്ള ജാഡ കാണിക്കാനുള്ള ഇടങ്ങള്‍. ഒരു കഥയായാലോ നോവല്‍ ആയാലോ എന്തെഴുതിയാലും ആര്‍ക്കും മനസ്സിലാകാതെ അവിടേം ഇവിടേം ഒക്കെ തൊട്ടും തോടാതേം പറയും. വായിക്കുന്നവന്‍ തലയും ചോറിഞ്ഞിരിക്കുന്ന അവസ്ഥ. അത് കഴിഞ്ഞു വായിച്ചിട്ട് ഒന്നും മനസ്സിലായില്ലേലും "ഹാ ... ! കൊള്ളം. നന്നായിട്ടുണ്ട് " എന്നു പറഞ്ഞു വായിക്കുന്നവനും ജാഡ കാണിക്കും. ഇത്രേം ജാഡ വേണോ എന്നാണ് എന്റെ ചോദ്യം. അതോ മലയാളം അത്ര ലളിതമായ ഭാഷ അല്ലെ??? ലളിതമായി ഒരു കാര്യം പറയുന്നത് മലയാളിക്ക് പിടിക്കില്ലേ??? അതോ മലയാളത്തില്‍ ലളിതമായി ഒന്നും പറയാന്‍ പറ്റില്ലേ??  എനിക്ക് തോന്നുന്നത് ആ ധാരണയൊക്കെ വെറുതെ ആണെന്നാണ്. കടു കട്ടി സാഹിത്യമേ മലയാളിക്ക് പിടിക്കൂ എന്നാണേല്‍ വൈക്കം  മുഹമ്മദ്‌ ബഷീര്‍ എന്നു പറയുന്ന ഒരു കഥാകാരന്  ഇത്രയും പോപ്പുലാരിറ്റി കിട്ടുമായിരുന്നില്ലല്ലോ?  അദ്ദേഹം എത്ര ലളിതമായാണ് കാര്യങ്ങള്‍ പറയുന്നത്. എല്ലാ ഭാഷകളും പോലെ മലയാളത്തിനും  രണ്ടു മുഖങ്ങളുണ്ട് എന്നാണ് എന്റെ പക്ഷം. ഒന്നു സാഹിത്യത്തിന്‍റെ മുഖം മറ്റേതു ലളിതമായ ഭാഷയുടെ മുഖം. മറ്റു ഭാഷക്കാര്‍ രണ്ടാമത്തേത് കൂടുതല്‍ ഇഷ്ട്ടപ്പെടുമ്പോള്‍ ഞാനടക്കമുള്ള മലയാളികള്‍ ആദ്യം പറഞ്ഞതിനെ ഇഷ്ട്ടപ്പെടുന്നു.. അതാകും സത്യം. എന്തൊക്കെ പറഞ്ഞാലും... 

"ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖി നീയെന്‍...
ഋതു ദേവതയായ്‌ അരികില്‍ നില്‍ക്കെ...
നീയെന്‍ അരികില്‍ നില്‍ക്കെ.. "

എന്നു പാടുന്നത്  കേള്‍ക്കാന്‍ ഒരു കല തന്നെയാണല്ലേ?? മധുരം മലയാളം.... മലയാള ഭാഷ തന്‍ മാദക ഭംഗി ഒരു മലര്‍ മന്ദഹാസ്സമായ് എന്റെ മനസ്സില്‍ നിറയുന്നു....  ഒരു മലയാളി ആയി ജനിച്ചതില്‍ അഭിമാനവും തോന്നുന്നു. അമ്മേ മലയാളമേ എന്റെ ജന്മ സംഗീതമേ നിനക്കെന്റെ ഒരായിരം സ്നേഹ പുഷ്പങ്ങള്‍....

Sunday, October 23, 2011

മഴ നനച്ച സായാഹ്നം...

                  സമയം ഏതാണ്ട് ഒരു മൂന്നു മൂന്നര ആയിക്കാണും... ഞാന്‍ എന്റെ ഉച്ചയൂണും കഴിഞ്ഞു മെയിന്‍ റോഡില്‍ നിന്നും അടുത്തുള്ള ഷോപ്പിംഗ്‌ മാളിലേക്ക്  കയറുമ്പോള്‍ പുറത്തു നല്ല ചുട്ടുപൊള്ളുന്ന വെയിലായിരുന്നു. ഏതാണ്ട് ഒരു അര മണിക്കൂര്‍ കഴിഞ്ഞാകും ഞാന്‍ പുറത്ത് ഇറങ്ങിയിട്ടുണ്ടാകുക. അപ്പോള്‍ ആകാശം മൂടികെട്ടിയിട്ടുണ്ടാരുന്നു. അതു കണ്ട എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു. കുറച്ച് നാളായി ആഗ്രഹിക്കുന്നു ഒരു നല്ല മഴ പെയ്യാന്‍. എന്റെ പ്രിയപ്പെട്ടവളെ കാണാന്‍. അതേ.. മഴ... അതെന്നും എനിക്ക് പ്രിയപ്പെട്ടത് തന്നെയാണ്. ഞാന്‍ പതിയെ നടന്നു. മുന്നിലേക്ക്‌..... കുറച്ച് നടന്നതും എന്റെ പ്രിയപ്പെട്ടവള്‍ അവളുടെ വരവ് അറിയിക്കാന്‍ തുടങ്ങി. ചെറിയ ചെറിയ മഴത്തുള്ളികള്‍ അവിടമാകെ വാരി വിതറപ്പെട്ടു. അവളില്‍ നനഞ്ഞു അലിയണം, അവളെ വീണ്ടും വീണ്ടും അറിയണം എന്നെനിക്കു ആത്മാര്‍ഥമായ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ ആ സ്ഥലം, എന്റെ വസ്ത്രങ്ങള്‍, കയ്യിലെ ബാഗും മൊബൈലും ഒന്നും അതിനു എന്നെ അനുവദിച്ചില്ല. അവള്‍ കൂടുതല്‍ കൂടുതല്‍ വാരിപുണരാന്‍ ശ്രമിച്ചപ്പോള്‍ മനസ്സില്ലാ മനസ്സോടെ ആണെങ്കിലും ഞാന്‍ ഒരു മേല്‍ക്കൂരക്കായി പരത്തി. അവളില്‍ നിന്നും തല്ക്കാലം എന്നെ ഒളിപ്പിക്കാന്‍ പോന്ന ഒരു മേല്‍ക്കൂര. റോഡരികില്‍ കണ്ടതിനൊന്നും അതിനാകുമായിരുന്നില്ല. അത് കൊണ്ട് കുറച്ച് ഉള്ളിലായുള്ള റോയല്‍ പ്ലാസ എന്ന വലിയ കെട്ടിടത്തിന്റെ വളരെ വലുതായ പാര്‍ക്കിംഗ് ഏരിയയില്‍ ഞാന്‍ പോയി ഒളിച്ചു.

                   ഞങ്ങള്‍ ഒളിച്ചു കളി തുടര്‍ന്നുകൊണ്ടിരുന്നു. ഒരു വലിയ തൂണില്‍ ചാരി നിന്നു ഞാന്‍ അവളെ അറിയുകയായിരുന്നു... ചന്നം പിന്നം പെയ്യുന്ന മഴ. ഞാന്‍ പരിസരം മുഴുവന്‍ അറിയാതെ ഒന്നു കണ്ണോടിച്ചു. എന്റെ നേരെ എതിരായി ഒരു മതില്‍. വെളുത്ത പെയിന്റ് അടിച്ച ഒരു മതില്‍. അതിന്റെ വെണ്മയെ പച്ച പായലുകള്‍ ആക്രമിച്ചു തുടങ്ങിയിരുന്നു. താഴെ നിന്നും മുകളിലേക്ക് ഒഴുകിയ രീതിയില്‍ ഒരു പച്ച പായല്‍ പാട. മതിലിനപ്പുറം ഒരേ മാതിരിയില്‍ പണി കഴിപ്പിച്ച മൂന്നു കെട്ടിടങ്ങള്‍. ആള്‍ അനക്കമൊന്നും ഇല്ലാത്ത പോലെ. അവിടെ ലൈറ്റുകള്‍ തെളിഞ്ഞിരുന്നില്ല. പുറകു വശം ആകെ കാട് കേറി നശിച്ചു തുടങ്ങിയിരുന്നു. ചെറുതായി വിഷമം തോന്നി അത് കണ്ടപ്പോള്‍.  മതിലിനും കെട്ടിടങ്ങള്‍ക്കും ഇടയിലായി നാലഞ്ചു കവുങ്ങുകള്‍, ഒരു പ്ലാവ്, പിന്നെ പേരറിയാത്ത അത്ര വലുതല്ലാത്ത ഒരു മരം. രണ്ടു കവുങ്ങുകളില്‍ കുരുമുളക് വള്ളികള്‍ പടര്‍ന്നു നില്‍പ്പുണ്ടായിരുന്നു. കുരുമുളകിന്‍ വള്ളികള്‍ കാറ്റിന്റെ താളത്തിനനുസ്സരിച്ചു തല മുകളിലേക്കും താഴേക്കും ആട്ടി രസ്സിക്കുന്നുണ്ടാരുന്നു. അത് കണ്ടു ഞാനും...


                         ഞാന്‍ പരിസരം മറന്നുവെന്നോ അതോ അവളെ മറന്നുവെന്നോ  എന്ന തോന്നല്‍ കൊണ്ടാകാം അവളുടെ ഇടപെടലുകള്‍ ശക്തമായി. ഉച്ചത്തില്‍ ഒച്ചയുണ്ടാക്കി അലറി വിളിച്ചു. അവളുടെ കണ്ണുകളില്‍ കോപം ജ്വലിച്ചു. അത് കണ്ടു എന്റെ കണ്ണുകള്‍ പേടികൊണ്ടു അടഞ്ഞു പോയി. ഞാന്‍ ശരിക്കും ഭയന്ന് പോയിരുന്നു. ഞാന്‍ പതിയെ ഉള്ളിലേക്ക് വലിഞ്ഞു. അവിടെ ഉണ്ടായിരുന്ന വാച്ച്‌മാന്‍ അവളെ ശപിക്കുന്നുണ്ടാരുന്നു. അയ്യാള്‍ എന്നോട് സമയം ചോദിച്ചു. ഞാന്‍ മൊബൈല്‍ എടുത്തു നോക്കി. സമയം 4 .10 . കൂടാതെ ഒരു മിസ്സ്ഡ് കാളും. ഓഫീസില്‍ നിന്നും. തിരിച്ചു വിളിക്കാന്‍ തുടങ്ങുമ്പോഴേക്കും വീണ്ടും കാള്‍ വന്നു. അത് നിത ആയിരുന്നു.  അവള്‍ തന്നെയാണ് നേരത്തെ വിളിച്ചതും. അവള്‍ക്കു ഇന്നത്തെ അപ്ഡേറ്റ് വേണമത്രേ. ഇന്നെന്താ ഇത്ര നേരത്തെ എന്ന എന്റെ ചോദ്യത്തിന് ആദ്യം ഒരു നീളന്‍ ചിരിയും പിന്നെ "മഴയല്ലേ" എന്ന ഒരു കൊഞ്ചലിന്റെ ലാഞ്ചനയുള്ള വിശദീകരണവും .


                           മഴ വീണ്ടും ശക്തമായി. അതെന്തോ കാറ്റിനത്ര ഇഷ്ടപെട്ടില്ല എന്നു തോന്നി.  കാരണം തുടക്കം മുതല്‍ക്കേ അവര്‍ പരസ്പരം മത്സരിക്കുന്നുണ്ടാരുന്നു വളരെ ശക്തമായി തന്നെ. കവുങ്ങുകള്‍ ആടി ഉലഞ്ഞു. പേരറിയാത്ത ആ അത്ര വലുതല്ലാത്ത മരം കവുങ്ങുകളെ മുത്തം വച്ചു. അവരുടെ വഴക്കിന്റെ അലകള്‍ ആ വിശാലമായ പാര്‍ക്കിംഗ് ഏരിയയിലെ അവസാന മൂലകളില്‍ പോലും വ്യക്തമായി. ഒരു തരം അനിര്‍വചനീയമായ കുളിര് അവിടെയാകെ പടര്‍ന്നു. അവിടെ രണ്ടു മൂന്നു കാറുകള്‍ കിടപ്പുണ്ടായിരുന്നു. പിന്നെ ഒരു ജീപ്പും. ജീപ്പില്‍ പൂര്‍വോദയം പബ്ലിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നു നീല അക്ഷരത്തില്‍ എഴുതിയിരുന്നു. അപ്പോഴേക്കും അവളുടെ ആക്രമണത്തില്‍ അവശരായ രണ്ടു പേര്‍ കൂടി അവിടേക്ക് ഓടി വന്നു. കൂടാതെ മുകളിലത്തെ നിലയില്‍ നിന്നും രണ്ടു പെണ്‍കുട്ടികള്‍ കൂടി ഇറങ്ങി വന്നു.  ഇന്നത്തെ അധ്വാനം കഴിഞ്ഞു വീട്ടിലേക്കു പോകാന്‍ ഇറങ്ങിയതാകണം. അവരുടെ കയ്യില്‍ കുടകള്‍ ഉണ്ടായിരുന്നു. എന്നിട്ടും പോകാന്‍ കഴിയാത്ത അവസ്ഥയില്‍ അവര്‍ക്കും അവളുടെ (മഴയുടെ) ഈ അനാവശ്യ വരവത്ര ഇഷ്ടപ്പെട്ടിട്ടില്ല എന്നു അവരുടെ മുഖം വിളിച്ചു അറിയിക്കുന്നുണ്ടായിരുന്നു. എനിക്കൊഴികെ ആര്‍ക്കും അവളുടെ വരവ് ഇഷ്ടപെട്ടില്ല എന്നെനിക്കു അറിയാതെ തോന്നിപ്പോയി.


                    ഞാന്‍ ആ പോര്‍ച്ചിന്റെ ഏകദേശം മധ്യ ഭാഗത്തായിരുന്നു. അവള്‍ കൈകള്‍ നീട്ടി എന്റെ കാലില്‍ തൊടാന്‍ ഒരു ശ്രമം നടത്തി. അത് കണ്ടപ്പോള്‍ ശരിക്കും എനിക്ക് ചിരിവരുന്നുണ്ടായിരുന്നു. ഞാന്‍ പുറകിലേക്ക് മാറി. കുറെ നേരം അവിടെ തന്നെ നിന്നു. അവളുടെ കൈല്കള്‍ നാല് പാടും നിന്നു എന്റെ അടുത്തേക്ക് വന്നപ്പോള്‍ ഞാന്‍ അവിടെ നിന്നും അടുത്ത് കണ്ട കുറച്ചുകൂടി ഉയര്‍ന്ന ഭാഗത്തേക്ക്‌ ചാടി കയറി. അവിടെ എന്നെ കൂടാതെ വേറെ മൂന്നു നാല് ആള്‍ക്കാര്‍ കൂടിയുണ്ടായിരുന്നു. അവരൊക്കെ എപ്പോ വന്നെന്നോ ഏതു വഴി വന്നെന്നോ ഞാന്‍ അറിഞ്ഞില്ല. പക്ഷെ അവരെന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്നെനിക്കു മനസ്സിലായി. അവിടെ വലതു ഭാഗത്തായി രണ്ടു ലിഫ്റ്റുകള്‍. നല്ല വൃത്തിയുള്ള വാതിലുകള്‍ ആയിരുന്നു അവയുടെത്. അതിനു നേരെ എതിരായി മുകളിലേക്ക് പോകാനുള്ള (താഴേക്ക്‌ വരാനും) ഗോവണി. അതില്‍ ഏറ്റവും താഴത്തെ രണ്ടാമത്തെ പടിയില്‍ ആ പെണ്‍കുട്ടികള്‍ ഇരിക്കുന്നുണ്ടായിരുന്നു എന്റെ പ്രിയപ്പെട്ടവളെയും ശപിച്ചുകൊണ്ട്. അപ്പോഴേക്കും ആ പോര്‍ച്ചു മുഴുവന്‍ അവളുടെ കൈകള്‍ക്കുള്ളില്‍ ആയി കഴിഞ്ഞിരുന്നു. അതിനുള്ളിലെ ഒഴുക്കിന്റെ ശക്തി ശരിക്കും എന്നെ അതിശയിപ്പിച്ചു. പുറത്തെ അവസ്ഥ എനിക്ക് ഊഹിക്കാന്‍ കഴിയുമായിരുന്നു. നഗരം നിശ്ചലമായിട്ടുണ്ടാകണം. ആരോ കുടിച്ചിട്ട് ഉപേക്ഷിച്ച ഒരു പ്ലാസ്റ്റിക്‌ ഗ്ലാസ്‌ എന്റെ മുന്നിലൂടെ ഒഴുകിപ്പോയി. കൂടെ കുറെ കടലാസ്സ്‌ കക്ഷ്ണങ്ങള്‍. നില തെറ്റിയ വേറെ കുറെ കടലാസ്സ്‌ കക്ഷ്ണങ്ങള്‍ ഇന്ന ദിക്ക് എന്നില്ലാതെ അവിടെ ആകെ ഒഴുകി നടക്കുന്നുണ്ടായിരുന്നു. ചിലവ പോകാന്‍ മടിച്ചു വിസ്സംമതത്തോടെ വാശി പിടിച്ചു നിന്നു. പക്ഷെ അവളുടെ നിര്‍ബന്ധത്തിനു (ശക്തിക്ക്) മുന്നില്‍ വളരെ നേരം പിടിച്ചു നില്ക്കാന്‍ അവക്കായില്ല എന്നു വേണം പറയാന്‍. അവയും പതിയെ പുറത്തേക്കു....... ഇതിനിടെ മുകളില്‍ നിന്നും എങ്ങെനെയോ ഒലിച്ചിറങ്ങിയ വെള്ളം ആ പെണ്‍കുട്ടികളുടെ മുകളിലേക്ക് ഒഴുകി വീണു. അവര്‍ പെട്ടെന്ന് എണീറ്റ്‌ ഓടി മാറിയതിനാല്‍ ദേഹത്തോ വസ്ത്രങ്ങളിലോ അധികം ഒന്നും ആയില്ല. പക്ഷെ അവര്‍ അസ്വസ്ഥരായിരുന്നു. എങ്ങനെയാണ് അവിടെ വെള്ളം വന്നത് എന്നറിയാന്‍ ഒരാള്‍ മുകളിക്ക്‌ കയറിപ്പോയി. തിരിച്ചു വന്നു എന്തോ പറഞ്ഞു. പക്ഷെ എനിക്കത് മനസ്സിലായില്ല.

                         മഴയുടെ കലി ഒന്നടങ്ങി എന്നു തോന്നിയപ്പോള്‍ ആ പെണ്‍കുട്ടികള്‍ ഇരുവരും പെട്ടെന്ന് കുടയും നിവര്‍ത്തി പുറത്തേക്കിറങ്ങി പോയി. ഞാന്‍ അവരുടെ പുറകെ ആ കെട്ടിടത്തിന്റെ അരികിലേക്കും. പോയവരില്‍ ഒരുത്തി കുറച്ച് മുന്നിലേക്ക്‌ മാറി നിന്നു അവളുടെ പാന്റ്സിന്റെ കാലുകള്‍ മുകളിലേക്ക് ചുരുട്ടി വെയ്ക്കുന്നുണ്ടായിരുന്നു. പിന്നെ അവളും മഴയിലേക്ക്‌. കവുങ്ങുകള്‍ തലയാട്ടല്‍ നിര്‍ത്തിയിരുന്നില്ല. കാറ്റും മഴയും തമ്മില്‍ ഇപ്പോഴും കശപിശയില്‍ ആണെന്ന് തോന്നണു. കാറ്റിന്റെ അധീനതയില്‍ ഉള്ള എല്ലാ സ്ഥലങ്ങളും വെള്ളം കയ്യടക്കുന്നുണ്ടായിരുന്നു. മുന്നിലെ സിമെന്റ് ഓടയില്‍ നിന്നും വെള്ളം കാറ്റിനെ നിഷ്കരുണം പുറത്താക്കി. സ്ലാബിന്റെ ഇടയിലൂടെ കാറ്റ് കൊക്കി കൊക്കി ചുമച്ചു കൊണ്ട് പുറത്തേക്കു ചാടി. മണി അഞ്ചു കഴിഞ്ഞോ എന്നു വാച്ച്‌മാന്‍ ചോദിച്ചു. ഞാന്‍ അതെയെന്നു പറഞ്ഞു. അയ്യാള്‍ അവിടെ മേശമേല്‍ ഉണ്ടായിരുന്ന രജിസ്റ്റര്‍ എടുത്തു നോക്കി എന്തോ പുലമ്പുന്നുണ്ടായിരുന്നു. പൂര്‍വോദയം പബ്ലിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നു നീല അക്ഷരത്തില്‍ എഴുതിയ ജീപ്പ് സാമാന്യത്തിലും അധികം വേഗത്തില്‍ പുറത്തേക്കു പാഞ്ഞു പോയി. മെയിന്‍ റോഡിലേക്ക് കയറുന്ന ഭാഗത്ത്‌ പോയി നില്‍പ്പായി. അവിടെ സൈഡില്‍ ഒരു കാര്‍ കിടന്നത് കാരണം ജീപ്പിനു പോകാന്‍ കഴിയുമായിരുന്നില്ല. ജീപ്പുകാരന്‍ അസഹനീയമാം വിധം ഹോണ്‍ അടിക്കുന്നുണ്ടായിരുന്നു. എവിടെ നിന്നോ ഓടി വന്ന കാറിന്റെ ഡ്രൈവര്‍ അവനു നേരെ കൈകള്‍ ഉയര്‍ത്തി എന്തോ വിളിച്ചു പറഞ്ഞു. ഞാന്‍ ഒരു പ്രാവശ്യം  പുറത്തിറങ്ങിയിട്ടു മഴയുടെ ശക്തി വിചാരിച്ചതിലും അധികമായതിനാല്‍ വീണ്ടും തിരിച്ചു കയറി. ഒരുപാട് നേരം അങ്ങനെ നില്ക്കാന്‍ എന്തോ മനസ്സ് അനുവദിച്ചില്ല. വളരെ സന്തോഷത്തോടെ ഞാനും വെളിയിലേക്ക്... അവളിലേക്ക്‌... എന്റെ പ്രിയപ്പെട്ടവളിലേക്ക്...  മഴയിലേക്ക്‌...... ഞാന്‍ നടന്നു വരുന്നതുവരെ ആ ജീപ് അവിടത്തന്നെ കിടപ്പുണ്ടായിരുന്നു. സൈഡ്-കാരന്‍ കാറുകാരന്‍ വീണ്ടും കുറച്ചുകൂടി സൈഡ്-കാരനായി എന്നേം ആ ജീപ്പിനേം പോകാനനുവദിച്ചു. ഞാന്‍ വിചാരിച്ചതിലും ഒരുപാട് മോശമായിരുന്നു മെയിന്‍ റോഡിന്‍റെ അവസ്ഥ....

                           റോഡിലാകെ മഞ്ഞനിറത്തില്‍ കുറുകിയ ചെളി വെള്ളം നിറഞ്ഞിരുന്നു. പുറകില്‍ മീന്‍ കുട്ടയുമായി ഒരു സൈക്കിള്‍കാരന്‍ ഏന്തി ഏന്തി നടന്നു പോകുന്നുണ്ടായിരുന്നു. അയ്യാളുടെ മുട്ടിനു മുകളില്‍ വരെ വെള്ളം. ഞാന്‍ പോകണോ വേണ്ടയോ എന്നൊരുനിമിഷം ആലോചിച്ചുനിന്നു. എന്റെ ഭയത്തിന്റെ മേല്‍ എന്റെ ആഗ്രഹങ്ങള്‍ക്കായിരുന്നു മേല്‍കൈ.. അതുകൊണ്ട് തന്നെ ഞാന്‍ പോകാന്‍ തീരുമാനിച്ചു... ആ കുത്തിപ്പായുന്ന റോഡിലേക്ക് (പുഴയിലേക്ക് ) ഞാന്‍ നടന്നടുത്തു. നേരെ റോഡിലേക്കിറങ്ങാന്‍ എനിക്ക് എന്തോ മനസ്സില്ലായിരുന്നു. അടുത്ത് കണ്ട ഒരു കടയുടെ തിന്നയിലേക്ക് ഞാന്‍ കയറിനിന്നു... റോഡിലെ ചെറിയ അലകള്‍ ആ തിണ്ണയുടെ താഴെവരെ  വരുന്നുണ്ടായിരുന്നു. അതുവഴി പാഞ്ഞുപോയ ഒരു ഇന്നോവ കാര്‍ വലിയ അലകളെ സമ്മാനിച്ചു. അവയെന്റെ കാലുകളെ നനച്ചു. അപ്പോള്‍ മഴ ഏതാണ്ട് പൂര്‍ണ്ണമായും നിലച്ചിരുന്നു. പക്ഷെ എന്തോ അതെനിക്ക് വിഷമമായില്ല. എങ്ങനെ മുന്നിലേക്ക്‌ പോകാം എന്ന ചിന്ത മാത്രമായിരുന്നു മനസ്സില്‍. ഏതാണ്ട് ഒരു കിലോമീറ്റര്‍ മുന്നില്‍ ചെന്നലെ എനിക്ക് പോകാനുള്ള ബസ്‌ കിട്ടൂ. രണ്ടും കല്‍പ്പിച്ച് നടക്കാന്‍ തീരുമാനിച്ചു. കടകളുടെ തിണ്ണകളിലൂടെയും ഫുട്പാതുകളിലൂടെയും ഞാന്‍ പതിയെ മുന്നിലേക്ക്‌ നീങ്ങി. ഫുട്പാത് റോഡില്‍ നിന്നും കുറച്ച് ഉയരെ ആയിരുന്നതിനാല്‍ അവിടെ വെള്ളം കുറവായിരുന്നു. ചില ഇട റോഡുകളിക്ക് കയറുന്ന സ്ഥലങ്ങളില്‍ ഫുട്പാത് ഇല്ലായിരുന്നു. അവിടെ മുട്ടൊപ്പം വരുന്ന വെള്ളത്തില്‍ ഇറങ്ങേണ്ടതായും വന്നു. എന്റെ ഷൂസിന്റെ ഉള്ളിലേക്ക് വെള്ളം ഇരച്ചു കയറി. എന്റെ നടത്തക്കനുസ്സരിച്ചു പുറത്തെ തയ്യലുകള്‍ക്കിടയില്‍ നിന്നും മഞ്ഞ നിറ വെള്ളം പുറത്തേക്കു ചാടുന്നുണ്ടായിരുന്നു. വളരെ കഷ്ടപ്പെട്ട് ഞാന്‍ മുന്നിലേക്ക്‌ നടന്നു. ഒരുപാട് പേര്‍ അങ്ങനെ പോകുന്നും വരുന്നുമുണ്ടായിരുന്നു. റോഡിന്‍റെ ഒരു സൈഡില്‍ വണ്ടികള്‍ നിരനിരയായി നിര്‍ത്തിയിട്ടിരുന്നു. ഒരു വശം തികച്ചും ശൂന്യം. ഒരു വണ്ടികളും വരുന്നുണ്ടായിരുന്നില്ല എന്നു വേണം പറയാന്‍. കുറച്ച് മുന്നിലായി ഫ്ലൈ ഓവര്‍ കാണാമായിരുന്നു. അതിന്റെ അതാണ്ട് മധ്യഭാഗത്ത്‌ താഴെ റോഡ്‌ ക്രോസ് ചെയ്തു വേണം എനിക്ക് വീട്ടിലേക്കു പോകാനുള്ള ബസ്‌ പിടിക്കാന്‍. പെട്ടെന്ന് വീണ്ടും മഴ ചാറാന്‍ തുടങ്ങി. ഞാന്‍ ഒരു കടയുടെ സൈടിലേക്കു മാറി നിന്നു.


                       അവിടെയും ഞാന്‍ തനിച്ചായിരുന്നില്ല.. മഴയും പിന്നെ ഒന്നു രണ്ടു ആള്‍ക്കാരും എനിക്ക് കൂട്ടുണ്ടായിരുന്നു. റോഡില്‍ വെള്ളത്തിനടിയിലൂടെ തല മാത്രം പുറത്തു കാണിച്ചു ഒരാള്‍ ബൈക്ക് ഓടിച്ചുപോകുന്നു എന്നു  തോന്നിപ്പിക്കും പോലെ ഒരു ഹെല്‍മെറ്റ്‌ അവിടെ ഒഴുകി നടപ്പുണ്ടായിരുന്നു. അടുത്തുള്ള കടയിലെ ഒരു പയ്യന്‍ ഒരു കമ്പ് കൊണ്ട് അതെടുക്കാന്‍ ഒരു പാഴ്ശ്രമം നടത്തി. അവനതു കിട്ടിയില്ല  എന്നു മാത്രമല്ല അത് ഒഴുകി കൂടുതല്‍ ദൂരേക്ക് പോയി. അപ്പോഴേക്കും മഴ വീണ്ടും തോര്‍ന്നിരുന്നു. ഞാന്‍ പതിയെ പുറത്തേക്കിറങ്ങി. പെട്ടെന്ന് മൂന്നു പെണ്‍കുട്ടികള്‍ എന്നെ പുറകിലാക്കി കൊണ്ട്  മത്സരത്തിലെന്നപോലെ മുന്നിലേക്ക്‌  വളരെ വേഗം കയറിപ്പോയി. അവരുടെ മുഖത്ത് ഉത്സാഹമായിരുന്നു. അവര് മുന്‍പിലും ഞാന്‍ പുറകിലുമായി കുറച്ച് ദൂരം അങ്ങനെ പോയി. ഒരു പ്രാവശ്യം എന്റെ കാല്‍ അറിയാതെ മുന്നില്‍ പോകുകയായിരുന്ന പെണ്ണിന്റെ കാലില്‍ തട്ടി. അവള്‍ പേടിച്ചു നിലവിളിച്ചു. വെള്ളത്തിലെ ഇഴ ജന്തുക്കള്‍ എന്തോ ആണെന്ന് അവള്‍ തെറ്റിദ്ധരിച്ചിരിക്കാം. ഞാന്‍ ക്ഷമ ചോദിച്ചു കൊണ്ട് വീണ്ടും നടത്തം തുടര്‍ന്നു. എന്റെ മുന്നില്‍ അവരും... ഒരു ബസ്‌ സ്റൊപ്പിലെ ചാര് ബഞ്ചിന്റെ മുകളില്‍ കുറെ പയ്യന്മാര്‍ കയറി നില്‍പ്പുണ്ടായിരുന്നു. അത് കഴിഞ്ഞു പ്രധാന ഒരു ഇട റോഡ്‌ മെയിന്‍ റോഡില്‍ ചേരുന്ന ഇടമായിരുന്നു. അവിടെ വെള്ളത്തിന്റെ ഒഴുക്കിന് കുറച്ച് ശക്തി കൂടുതല്‍ ആയിരുന്നു. കാരണം കുത്തനെയുള്ള ആ റോഡില്‍ നിന്നും വെള്ളം വളരെ ശക്തിയായി മെയിന്‍ റോഡില്‍ പതിക്കുന്നു. ആ പെണ്‍കുട്ടികള്‍ അതിന്റെ കരയില്‍ പേടിച്ചു നില്‍പ്പുണ്ടായിരുന്നു. ഒന്നു രണ്ടു പയ്യന്മാര്‍ വളരെ പണിപ്പെട്ടു ആ വെള്ളച്ചാട്ടം മുറിച്ചു കടന്നു വരുന്നു. ഒരു ബൈക്ക്-കാരന്‍ മാമന്‍ അതിന്റെ മറു കരയില്‍ എന്തോ ചിന്തിച്ചു നില്‍ക്കുന്നു. ഞാന്‍ ആ കുട്ടികള്‍ അതിലേക്കു ഇറങ്ങുന്നത് കാത്തു നിന്നു. ആദ്യ രണ്ടു പേരും അതിലേക്കിറങ്ങി. മൂന്നാമത് നിന്നവള്‍ക്ക് ധൈര്യം പോര. അവള്‍ തിരിഞ്ഞു എന്നെ നോക്കി. എന്നിട്ട് എന്റെ നേരെ കൈകള്‍ നീട്ടി. സഹായം ആവശ്യപ്പെട്ടു. ഞാനവളുടെ കയ്യില്‍ പിടിച്ചു രണ്ടു പേരും ചേര്‍ന്ന് ആ വെള്ളച്ചാട്ടം നടന്നു കടക്കാന്‍ തുടങ്ങി. വിചാരിച്ചതിലും ശക്തമായ ഒഴുക്കായിരുന്നു. കാലുകള്‍ പലപ്പോഴും തെന്നി മാറി.  പലപ്പോഴും എന്റെ കയ്യിലെ അവളുടെ പിടിത്തം സാമാന്യത്തിലധികം മുറുകുന്നുണ്ടായിരുന്നു. മറു കരയെത്തിയപ്പോള്‍ അവളുടെ സുഹൃത്ത്‌ അവളെ പിടിച്ചു മുകളിലേക്ക്  കയറ്റി. പുറകെ ഞാനും. എന്നോട് ഒരു നന്ദി പറഞ്ഞു ചിന്തിക്കുന്ന ബൈക്ക്-മാമനെയും കടന്നു അവള്‍ വേഗം നടന്നു പോയി. പുറകെ ഞാനും. അപ്പോഴേക്കും ഞാന്‍ ഏകദേശം ഫ്ലൈ ഓവറിന്റെ മധ്യ ഭാഗത്ത്‌ എത്തിയിരുന്നു. പിന്നെ ഫ്ലൈ ഓവറിന്റെ അടിയില്‍ കൂടി റോഡ്‌ ക്രോസ് ചെയ്തു ഇപ്പുറത്തെത്തി.


                       അവിടെ ബസ്‌ കാത്തു ഒരുപാട് പേരുണ്ടായിരുന്നു. മഴ തോര്‍ന്ന സമയമായതിനാല്‍ എല്ലാവരും റോഡില്‍ തടിച്ചു കൂടി നില്‍പ്പായിരുന്നു. ഞാന്‍ പോയി സ്ഥിരമായി ബനാന ഷേക്ക്‌ കഴിക്കുന്ന കടയില്‍ പോയി ഒരു ഷേക്ക്‌ കഴിച്ചിട്ട് വന്നു. അപ്പോളും ആള്‍ക്കാര്‍ക്ക് കുറവില്ല. ഞാനും റോഡിലേക്ക് പോയി. വല്ല വണ്ടിയും കിട്ടുമോ എന്നറിയാന്‍. ഒരു സ്ത്രീ റിക്ഷക്കാരനോട് വില പേശുന്നു. അവസാനം അവന്‍ പറഞ്ഞ കാശു കൊടുക്കാമെന്നു സമ്മതിച്ചു കൊണ്ട് അതില്‍ കയറി പോയി. സാധാരണ ബസില്‍ അഞ്ചു രൂപ കൊടുക്കേണ്ട സ്ഥലത്തിന് ഇന്ന് കൂലി നൂറു രൂപ. ഒന്നു രണ്ടു ബസുകള്‍ പോയി.ഒന്നിലും സൂചി കുത്താന്‍ പോലും സ്ഥലമില്ലായിരുന്നു.  കുറെ നേരം ഞാന്‍ കാത്തു നിന്നു , അവസാനം ഒരു ബസിന്റെ ഫുട് ബോര്‍ഡില്‍ കുറച്ച് സ്ഥലം കിട്ടി. പിന്നെ മലയാളീസ്സിന്റെ സ്വാഭാവികമായ ബുദ്ധി ഉപയോഗിച്ച് തീരെ മോശമല്ലാത്ത ഒരു സ്ഥലം ഒപ്പിച്ചു ഞാന്‍. കുറെ പേര്‍ ബസിന്റെ മുകളിലും, കുറെ പേര്‍ പുറകില്‍ തൂങ്ങിയും കിടന്നു. റോഡ്‌ മുഴുവന്‍ വെള്ളം. ബസ്‌ ഒരു ബോട്ട് പോലെ മുന്നോട്ടു നീങ്ങി. എല്ലാവരും പൈസ കൊടുത്തു കുറച്ച് കഴിഞ്ഞപ്പോള്‍ ബസ്‌ ഒരു സൈഡ് ഒതുക്കി നിര്‍ത്തി. സഹായി ചെറുക്കന്‍ വന്നു പറഞ്ഞു ബസിനു എന്തോ പ്രശ്നമാണെന്ന്. പക്ഷെ അതത്ര വിശ്വസ്സനീയമായി തോന്നിയില്ല. അവന്‍ റോഡിരികില്‍ കടന്ന ഒരു വലിയ കല്ലെടുത്ത്‌ ബസിനു അട വെച്ചു. അപ്പോള്‍ അവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പട്ടാളക്കാരന്‍ വന്നു; പോകുമ്പോള്‍ ആ കല്ലെടുത്ത്‌ കളഞ്ഞിട്ടു പോണം എന്നവനോട് പറഞ്ഞു. ബസിന്റെ പ്രശനം കെട്ടി ചമച്ചതാണെന്ന് പറഞ്ഞു ഒരു കൂട്ടം ആള്‍ക്കാര്‍ കൂടുതല്‍ പ്രശ്നമുണ്ടാക്കി. പുറത്തു നിന്ന സഹായി പയ്യനെ അവര്‍ അകത്തേക്ക് വലിച്ചു പിടിച്ചുകയറ്റി അടിച്ചു. എന്റെ മുന്നില്‍ ഉണ്ടായിരുന്ന ഒരു ചേട്ടനെ അവനെ അടിക്കുന്നതില്‍ നിന്നും ഞാന്‍ പിടിച്ചു മാറ്റി. എന്നിട്ടും അവര്‍ അടി തുടര്‍ന്നു. ഞാനല്ല ഡ്രൈവര്‍ എന്നവന്‍ കരഞ്ഞു പറയുന്നുണ്ടായിരുന്നു. അത് കണ്ടു സഹിക്കാഞ്ഞിട്ടാകണം ഞാനും ഒന്നു രണ്ടു ആള്‍ക്കാരും പുറത്തേക്കിറങ്ങി. പെട്ടെന്ന് ബസ്‌ സ്റ്റാര്‍ട്ട്‌ ആയി. എല്ലാരും കേറി കഴിഞ്ഞപ്പോള്‍ ഞാന്‍ ഏറ്റവും വെളിയില്‍. എന്റെ കാലറ്റം വരെ വെള്ളമുണ്ടായിരുന്നു.  പിന്നെ കുറെ ദൂരം തൂങ്ങിയായി യാത്ര. കുറച്ച്  മുന്നിലെക്കെത്തിയപ്പോള്‍ ഒരു ഇലക്ട്രിക്കല്‍ ലൈന്‍ പൊട്ടി വെള്ളത്തിലേക്ക്‌ വീണു തീപ്പൊരികള്‍ ചിതറി. കൂടെ ബസില്‍ നിന്നും കൂട്ട ആരവങ്ങളും. ഞാന്‍ പേടിച്ചുപോയി കാരണം ഞാനാണല്ലോ ഏറ്റവും വെളിയില്‍. കൂടാതെ എന്റെ കാലാണെങ്കില്‍ റോഡിലെ വെള്ളത്തിലും. പക്ഷെ പേടിച്ചത് പോലെ ഒന്നും സംഭവിച്ചില്ല. ബസ്‌ മുടന്തി മുടന്തി മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. ശരിക്കും അതിനു പ്രശ്നമുണ്ടായിരുന്നു അപ്പോഴെനിക്കും പിന്നീട് മറ്റുള്ളവര്‍ക്കും മനസ്സിലായി.  വേറെ ബസുകള്‍ ഒന്നും സര്‍വീസ് നടത്തുന്നില്ലായിരുന്നു. അമ്മച്ചിക്ക് പ്രസവ വേദന... മോള്‍ക്ക്‌ വീണ വായന.... എന്ന് പറയുന്നതിനെ ശരി വെയ്ക്കുന്ന രീതിയില്‍ റോഡരികിലെ കടകളില്‍ വേറെ പണിയൊന്നും ഇല്ലാതെ കുത്തിയിരുന്ന ചില വിവരധോഷികള്‍ ഓരോരോ കമന്റുകള്‍  പറയുന്നുണ്ടായിരുന്നു. അതില്‍ ഒരു വിവരധോഷി എന്റെ മേലേക്ക് വെള്ളവും തെറിപ്പിച്ചു. അവന്റെ അമ്മക്ക് വിളിക്കണം എന്നാണ് അപ്പോള്‍ തോന്നിയത്. പക്ഷ വിളിച്ചില്ല. റോഡിനു കുറുകെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വലിയ ആര്‍ച്ച്  വീണു കിടപ്പുണ്ടായിരുന്നു. അങ്ങനെ ഒരു സൈഡ് ഗതാഗതം പൂര്‍ണ്ണമായും നിന്നു. നമ്മുടെ വണ്ടി മറു സൈഡില്‍ കൂടി പൊയ്ക്കൊണ്ടിരുന്നു. ബസില്‍ ആയിരുന്നെങ്കിലും എന്റെ കാലുകള്‍ വെള്ളത്തിനടിയില്‍ ആയിരുന്നു. അത്ര മാത്രം വെള്ളം കയറിയിരുന്നു. വെള്ളത്തിന്റെ ആഴം കൂടി കൂടി വരുന്നു.. അതനുസരിച്ച് ബസിന്റെ കിതപ്പും കൂടി കൂടി വന്നു. കുറച്ച് കൂടി മുന്നിലേക്ക്‌ ചെന്നതും ബസിന്റെ അടിയില്‍ നിന്നും പുക വരാന്‍ തുടങ്ങി. മുന്‍പില്‍ നിന്നും പിന്നില്‍ നിന്നും നിര്‍ത്താതെ പുക. വെളിയില്‍ നിന്നവര്‍ വണ്ടി ഇപ്പൊ കത്തും എന്നു വിളിച്ചു പറഞ്ഞു. ഡ്രൈവര്‍ ആരോടൊക്കെയോ എല്ലാ വാശി എന്നപോലെ വീണ്ടും വീണ്ടും മുന്നിലേക്കെടുത്തു. അവസാനം ആ പാവം ബസ്‌ കിതച്ചു കിതച്ചു നിന്നു. ഒരു വലിയ പുഴയ്ക്കു നടുക്ക് നിര്‍ത്തിയിട്ട ബോട്ട് പോലെ അതു ആ റോഡില്‍ കിടന്നു. വേറെ ഒരു വാഹനങ്ങളും അവിടെ ഉണ്ടായിരുന്നില്ല. ഏറ്റവും ആഴമുള്ള ഭാഗത്ത്‌ ആ ബസ്‌ അങ്ങനെ കിടന്നു. അപ്പോഴും അതിന്റെ അടിയില്‍ നിന്നും പുക വരുന്നുണ്ടായിരുന്നു. ബസ്സിന്റെ ഏറ്റവും വെളിയില്‍ ഞാനായതിനാല്‍ ആദ്യം ഞാന്‍ തന്നെ ഇറങ്ങേണ്ടി വന്നു. നല്ല തണുത്ത കൊഴുത്ത ചെളി വെള്ളത്തിലേക്ക്‌ ഞാന്‍ പതിയെ ഇറങ്ങി. ഏതാണ്ട് എന്റെ ഇടുപ്പ് വരെ വെള്ളം. പാന്റ്സിന്റെ കീശയില്‍ കിടന്ന എന്റെ മൊബൈല്‍ നനഞ്ഞു. പിന്നെ അതിനെയും കയ്യില്‍ എടുത്തു ശ്രദ്ധയോടെ പിടിച്ചു ഞാന്‍ ആയസ്സപ്പെട്ടു നടന്നു. കുറച്ച് മുന്നിലായി ഞാന്‍ ഇപ്പൊ നില്‍ക്കുന്ന ആറിന്റെ കരിയെന്നു തിന്നിപ്പിക്കുന്ന സ്ഥലത്ത് എല്ലാ വണ്ടികളും നിര്‍ത്തിയിട്ടിരിക്കുന്നു. ഇംഗ്ലീഷ് സിനെമാക്ളിലെന്ന പോലെ ഒരു റോഡും നിറയെ വാഹനങ്ങളും.  അത്രയും ആഴത്തിലേക്ക് വണ്ടിയിറക്കാന്‍ എല്ലാര്‍ക്കും മടിയുള്ള പോലെ. ഞാന്‍ ആയസ്സപ്പെട്ടു നടന്നു നടന്നു തീരത്തെത്തി.   മുട്ടോപ്പമുള്ള ഒരു ചുവന്ന ഫ്രോക്കുമിട്ടു ഒരു സുന്ദരി ആ ആഴങ്ങളിക്ക് പോകുന്നുണ്ടായിരുന്നു. ഞാന്‍ ഉടന്‍  തന്നെ നടക്കാന്‍ പോകുന്ന ആ രംഗം മനസ്സില്‍ കണ്ടു. ആ വെള്ളത്തിന്റെ ഒത്ത നടുക്ക് ഒരു ചുവന്ന ഫ്രോക്ക്.  അറിയാതെ ഞാനവളുടെ മുഖത്തേക്ക് (മുഖത്തേക്ക് തന്നെ ആയിരുന്നോ എന്നുറപ്പില്ല ) നോക്കി. എന്റെ മനോവിചാരം മനസ്സിലാക്കിയിട്ടാണോ എന്തോ അവളുടെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു. പിന്നെ ഞാന്‍ പതിയെ കരയിലെകും. അവള്‍ പുഴ റോഡിലേക്കും. നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കിടയിലൂടെ ഞാന്‍ വേഗം നടന്നു. ഇനി
നടന്നു പോകാവുന്ന ദൂരമേ ഉള്ളൂ റൂമിലേക്ക്‌.... സമാധാനത്തോടെ ഞാന്‍ ആഞ്ഞു നടന്നു... റോഡരികില്‍ അടിഞ്ഞു കൂടിയ ചെറിയ ചെറിയ ചെളി മലകളെ കടന്നു, ശൂന്യമായ റെയില്‍വേ ട്രാക്കുകള്‍ മുറിച്ചു കടന്നു, ആളൊഴിഞ്ഞ ഇരുട്ടിലാര്‍ന്ന നാലുമുക്കുകള്‍ കടന്നു ഞാന്‍ ആഞ്ഞാഞ്ഞു നടന്നു..... റൂമിലേക്ക്‌....

Thursday, October 20, 2011

വെയില്‍...

മടുപ്പ്... രാവിലെ വെളിയിലെ ചുട്ടു പൊള്ളുന്ന വെയിലിനെ നോക്കി നിന്നപ്പോള്‍ തോന്നിയ അതേ മടുപ്പ് ദാ ഇപ്പോഴും മനസ്സിനെ ഞെരിച്ചു കൊല്ലുന്നു.. വെയില്‍ വെളിയിലായിരുന്നില്ല എന്നിപ്പോള്‍ മനസ്സിലാകുന്നു... വെയില്‍ മനസ്സിലായിരുന്നു... മനുഷ്യനെ ചുട്ടു കൊല്ലുന്ന ഭ്രാന്തമായ വെയില്‍ ... മടുത്തു ഇതിനെ... അറിയാതെ ആശിച്ചു പോകുന്നു.....ഒരു നല്ല മഴ പെയ്തിരുന്നെങ്കില്‍.... ഒരു പക്ഷെ ഈ പ്രകൃതിയെ പോലെ ഞാനും അത് ഒരുപാട് ആഗ്രഹിക്കുന്നുണ്ടാകാം.... അതിന്റെ എല്ലാ അര്‍ത്ഥത്തിലും. 

Tuesday, September 27, 2011

ഞാനറിയുന്നു.......

ഞാനറിയുന്നു  ഈ  എന്നെയറിയുന്നു ...
ഉടയോന്‍ പടച്ചോരീ ഉടലിനുള്ളില്‍ വൃഥാ
പിടയുന്ന നെഞ്ചിന്റെ തുടിപ്പറിയുന്നു ..... 

തൊടിയിലെ കുയിലിന്റെ  പാട്ടറിയുന്നു ...
വെയിലറിയുന്നു  മഴയറിയുന്നു ....
തുള്ളി തെറിക്കുമാ സ്നേഹമറിയുന്നു .... 

ഇരവറിയുന്നു പകലറിയുന്നു ...
ഇരവിലെ പകലിനെ തനിയെയറിയുന്നു ....
പുഴയറിയുന്നു പൂക്കളറിയുന്നു ....
സ്നിഗ്ദമാം മഞ്ഞിലെ കുളിരുമറിയുന്നു.....  

ചിരികളറിയുന്നു ചഞ്ചല മിഴികളറിയുന്നു....
ബന്ധമെന്ന സുന്ദര ബന്ദനമറിയുന്നു...... 

ഞാനറിയുന്നു ... ഈ  എന്നെയറിയുന്നു ...
എന്റെ ചപല മോഹങ്ങളിലെ പൊള്ളുന്ന നോവറിയുന്നു ...
എന്റെ നല്ലതറിയുന്നു കെട്ടതറിയുന്നു   ...
എന്നെ തനിചാക്കിയ ആ  കുറവുകളറിയുന്നു  .... 
ഞാനറിയുന്നു  എന്റെ  പ്രണയമറിയുന്നു  ...
ദൂരത്ത് നിന്നുമാ മിഴികളറിയുന്നു  .... 

കൂട്ടറിയുന്നു  കൂട്ടുകാരെയറിയുന്നു....
ആ  സഹൃദയങ്ങളിലെ തുളുമ്പുന്ന നന്മയറിയുന്നു ....

ഞാനറിയുന്നു ഈ എന്നെയറിയുന്നു ....
എന്റെ കാഴ്ചയറിയുന്നു... കേള്‍വിയറിയുന്നു .... 

പറയാന്‍ മറന്നതും പാടാന്‍ ശ്രമിച്ചതും.....
ഒരു മാത്ര ഒന്നു കാണാന്‍  കൊതിച്ചതും ....
അറിവായി നിറവായി മനതാരിലറിയുന്നു ...

ഞാനറിയുന്നു ഈ എന്നെയറിയുന്നു .....
എന്നെ പടച്ചോരാ ഈശ്വരന്റെ ഉന്നമറിയുന്നു...  ഉയര്‍ച്ചയറിയുന്നു .....

(വിഷ്ണുപ്രസാദ്‌ സുകുമാരന്‍)